മാർച്ച് ഇതുവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച വർഷം എന്നാകും 2024 നെ അടയാളപ്പെടുത്തുക
തിരുവനന്തപുരം: കൊടും ചൂടിൽ ഓരോ ദിവസവും കേരളം വെന്തുരുകുകയാണ്. ഫ്രെബ്രുവരിയിൽ തുടങ്ങിയ കൊടും ചൂട് മാർച്ച് മാസം പകുതി പിന്നിടുമ്പോൾ അതീവ ഗുരുതരമായി തുടരുകയാണ്. ഓരോ ദിവസവും ചൂട് മുന്നറിയിപ്പിന്‍റെ ഭാഗമായി കേരളത്തിലെ 10 ജില്ലകളിലോളം മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്നത്. മാർച്ച് മാസത്തിൽ ഇതുവരെയും വേനൽ മഴ ലഭിച്ചില്ലെന്നതാണ് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നത്. അടുത്ത ദിവസങ്ങളിൽ വേനൽ മഴ എത്തിയേക്കുമെന്നാണ് പ്രവചനങ്ങൾ. എന്നാലും മാർച്ച് ഇതുവരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച വർഷം എന്നാകും 2024 നെ അടയാളപ്പെടുത്തുക. ഇതു സംബന്ധിച്ചുള്ള കണക്കുകളും പുറത്തുവന്നിട്ടുണ്ട്.
ഈ വർഷം മാർച്ച് 18 വരെ കേരളത്തിൽ വേനൽ മഴ ലഭിച്ചില്ല എന്ന് തന്നെ പറയാം. ഒറ്റപ്പെട്ടയിടങ്ങളിൽ നാമമാത്രമായ മഴ ലഭിച്ചെങ്കിലും മൊത്തത്തിൽ 1 മില്ലി മീറ്റർ മഴ പോലും ലഭിച്ചില്ലെന്നതാണ് കാലാവസ്ഥ വിദഗ്ധർ ചൂണ്ടികാട്ടിയിട്ടുള്ളത്. കഴിഞ്ഞ 5 വർഷത്തെ അപേക്ഷിച്ച് ഏറ്റവും കുറവ് വേനൽ മഴ ഇത്തവണയാണെന്ന് അവർ വ്യക്തമാക്കുന്നു. 2020 ൽ 20 മില്ലീ മീറ്ററോളം മഴയാണ് മാർച്ച് 1-18 ന് ഇടയിൽ ലഭിച്ചത്. 21 ലെ അവസ്ഥയും സമാനമായിരുന്നു. എന്നാൽ 2022, 2023 വർഷങ്ങളിൽ വേനൽ മഴ പത്ത് മില്ലി മീറ്ററിലേക്ക് ചുരുങ്ങി. ഇക്കുറി ഇതുവരെ ഒരു മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചതെന്നും കണക്കുകൾ പറയുന്നു. എന്തായാലും വരും ദിവസങ്ങളിൽ വേനൽ മഴ തകർത്ത് പെയ്ത് കൊടും ചൂടിൽ കേരളത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
