സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകൾ നടക്കും. സ്കൂളുകളിൽ ഓവറോള്‍ ഉറപ്പിച്ച് മലപ്പുറം ഐഡിയൽ കടകശേരി സ്കൂള്‍. 

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനമായ ഇന്ന് പതിനെട്ട് ഫൈനലുകൾ. ക്രോസ് കൺട്രിയോടെയാണ് ഇന്നത്തെ മത്സരങ്ങൾക്ക് തുടക്കമാവുക. രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സീനിയർ ആൺകുട്ടികളുടെ ഹാമർ ത്രോയാണ് ഫീൽഡിലെ ആദ്യ ഫൈനൽ. 200 മീറ്റർ ഫൈനലുകൾ ഉച്ചയ്ക്ക് രണ്ടിന് തുടങ്ങും. 3.10ന് തുടങ്ങുന്ന 4 ഗുണം 400 മീറ്റർ റിലേ മത്സരങ്ങളോടെ മീറ്റ് സമാപിക്കും.

വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാവും. 78 ഇനങ്ങൾ പൂർത്തിയായപ്പോൾ 66 പോയിന്‍റുമായി മലപ്പുറം ഐഡിയൽ കടകശേരി സ്കൂൾ കിരീടം ഉറപ്പിച്ച് കഴിഞ്ഞു. തുടർച്ചയായ മൂന്നാം തവണയാണ് ഐഡിയൽ സ്കൂൾ ഒന്നാംസ്ഥാനത്ത് എത്തുന്നത്. 38 പോയിന്‍റുള്ള കോതമംഗലം മാർ ബേസിൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. ജില്ലകളിൽ 19 സ്വർണമടക്കം 192 പോയിന്‍റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

169 പോയിന്‍റുള്ള, നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് രണ്ടാം സ്ഥാനത്താണ്. ഗെയിംസ് ഇനങ്ങളിൽ 144 സ്വർണമടക്കം 1213 പോയിന്റുമായി തിരുവനന്തപുരം ജില്ല വളരെ മുന്നിലാണ്. ഓവറോൾ കിരീടവും തിരുവനന്തപുരം ഉറപ്പിച്ചു. സ്കൂൾ കായിക മേളയുടെ സമാപനം കണക്കിലെടുത്ത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ സ്കൂളുകൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

സംസ്ഥാന സ്കൂൾ കായിക മേള: സ്വർണമെഡൽ ജേതാവിനെ അയോ​ഗ്യനാക്കി; ലൈൻ തെറ്റിച്ചോടിയതിൽ നടപടി

ഹാര്‍ബറിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ വന്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

Asianet News Live | PP Divya | ADM | ഏഷ്യാനെറ്റ് ന്യൂസ് | By-Election 2024 | Malayalam News Live