Asianet News MalayalamAsianet News Malayalam

ബഫർ സോണിൽ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകുമെന്ന് മുഖ്യമന്ത്രി

ബഫർ സോണ് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 

Kerala to Give Review petition in Buffer zone Verdict
Author
Delhi, First Published Jun 27, 2022, 7:47 PM IST

തിരുവനന്തപുരം: ബഫർസോണിലെ സുപ്രീകോടതി വിധിക്കെതിരെ  റിവ്യു ഹർജിക്കായി നടപടി സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി. ഈ വിഷയത്തിൽ  അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തുകയാണ്.   എല്ലാ വഴികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   2011ലെ കേന്ദ്ര സർക്കാർ വിജ്ഞാപനം നടപ്പായിരുന്നെങ്കിൽ ഇക്കോ സെൻസിറ്റീവ് സോൺ 10 കിലോമീറ്ററായി നടപ്പാകുമായിരുന്നുവെന്നും,  ഇത് 1 കിലോമീറ്റർ വരെയാക്കിയുള്ള സംസ്ഥാന സർക്കാർ നിർദേശം ജനവാസ കേന്ദ്രങ്ങളെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. 

ബഫർ സോണിൽ സമരവുമായി സിറോ മലബാർ സഭ
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സ‍ർക്കാരുകൾക്കെതിരെ പ്രത്യക്ഷ സമരം നടത്തി സിറോ മലബാർ സഭ. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ വൈദികർ അടക്കം ധർണ നടത്തി. ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ തോമസ് തറയിൽ ധർണ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി- വന്യജീവി സംരക്ഷണത്തിന്‍റെ പേരിൽ കർ‍ഷകരുടെ ജീവിതത്തിന് കടിഞ്ഞാണിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ബഫ‍ർസോൺ പ്രഖ്യാപനത്തിൽ നിന്ന് കേരളത്തെ പൂർണമായും ഒഴിവാക്കണം..കേന്ദ്ര സംസ്ഥാനസർക്കാരുകൾ നിയമനിർമ്മാണം നടത്തണം..കർഷകരുടെ ആവശ്യം അംഗീകരിക്കുംവരെ സമരം തുടരും. തിരുവനന്തപുരത്തെ അന്പൂരിയിൽ ശനിയാഴ്ച സിറോ മലബാർ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തും. നാളെ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും ധർണയും നടത്താനാണ് തീരുമാനം

ബഫർ സോണ് വിഷയത്തിൽ മുഖ്യമന്ത്രിയും വനംമന്ത്രിയും നിയമവിദ്ധഗ്ദ്ധരും പങ്കെടുക്കുന്ന പ്രത്യേക യോഗം  വ്യാഴാഴ്ച ചേരും. അതേ സമയം പരിസ്ഥിതി ലോല വിഷയത്തിൽ സർക്കാർ നിലപാട് മാറ്റം നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം ആയുധമാക്കാൻ ഒരുങ്ങുകയാണ്. 

സുപ്രീംകോടതി വിധി നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധികളും ഒഴിവാക്കേണ്ട പ്രദേശങ്ങളുടെ വിശാദംശങ്ങളും വിശദമായ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി വ്യാഴാഴ്ച ഉന്നത തല യോഗം വിളിച്ചത്. വനം മേധാവിയുടെ നേതൃത്വത്തിൽ വനം റവന്യു തദ്ദേശ ഭരണ വകുപ്പുകൾ സംയുക്തമായി ഇതു സംബന്ധിച്ച സര്‍വെയും പഠനവും നടത്തുന്നുണ്ട്. മൂന്ന് മാസത്തിനകം പ്രദേശങ്ങളെ ഇനം തിരിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 

ജനവാസമേഖലകളെ പൂര്‍ണ്ണമായി ഒഴിവാക്കുമ്പോൾ എടുക്കേണ്ട നിയമപരവും നയപരവുമായ പ്രതിസന്ധികൾ വിശദമായി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. അതിനിടെ ബഫര്‍ സോൺ പ്രശ്നം മുൻനിര്‍ത്തി രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത എസ്എഫ്ഐ നടപടിയോടെ സര്‍ക്കാര്‍ നിലപാടുകൾ ചോദ്യം ചെയ്ത് പ്രതിപക്ഷവും രംഗത്തെത്തി. പ്രശ്നത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് അയച്ച കത്തും പാര്‍ലമെന്റിൽ പ്രശ്നം ഉന്നയിക്കണമെന്ന് ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ മറുപടിയും പുറത്ത് വന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ബഫര് സോണിന് ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച്  തീരുമാനമെടുത്തത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണെന്നും ഇക്കാര്യത്തിൽ സര്‍ക്കാരിന് ഇരട്ടത്താപ്പുണ്ടെന്നുമുള്ള ആക്ഷേപവും പ്രതിപക്ഷം ശക്തമാക്കുകയാണ്. 

Follow Us:
Download App:
  • android
  • ios