Asianet News MalayalamAsianet News Malayalam

ടൂറിസ്റ്റുകളുടെ പറുദീസയായ തായ്‍ലൻഡിൽ തലയുയർത്തി കേരളം; അഭിമാനത്തോടെ പുരസ്കാരം ഏറ്റുവാങ്ങി, വലിയ നേട്ടം

ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്

Kerala Tourism conferred PATA Gold Award 2024 in Bangkok
Author
First Published Aug 29, 2024, 3:32 PM IST | Last Updated Aug 29, 2024, 3:32 PM IST

തിരുവനന്തപുരം: നൂതന പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ (പാറ്റ) 2024 ലെ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് സമ്മാനിച്ചു. പാറ്റ ട്രാവല്‍ മാര്‍ട്ട് 2024 ന്‍റെ ഭാഗമായി തായ്ലന്‍റിലെ ബാങ്കോക്ക് ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി. മക്കാവു ഗവ. ടൂറിസം ഓഫീസ് ഡയറക്ടര്‍ മരിയ ഹെലീന ഡി സെന്ന ഫെര്‍ണാണ്ടസ്, പാറ്റ സിഇഒ നൂര്‍ അഹമ്മദ് ഹമീദ് എന്നിവരുടെ സാന്നിധ്യത്തില്‍ പാറ്റ ചെയര്‍ പീറ്റര്‍ സെമോണാണ് അവാര്‍ഡ് സമ്മാനിച്ചത്.

വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം ഔദ്യോഗിക വാട്സാപ്പ് ചാറ്റിലൂടെ നടത്തിയ ഒരു മാസം നീണ്ട 'ഹോളിഡേ ഹീസ്റ്റ്' ഗെയിം കാമ്പയിന്‍ പരിഗണിച്ചാണ് പുരസ്കാരം. ഈ വര്‍ഷം പാറ്റ ഗോള്‍ഡ് അവാര്‍ഡ് നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക ടൂറിസം ഡെസ്റ്റിനേഷനാണ് കേരളം. ഇന്ത്യയിലും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും രൂപപ്പെടുത്തുന്നതിന് കേരള ടൂറിസം നിരന്തര ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കാമ്പയിനിനുള്ള പാറ്റ ഗോള്‍ഡ് പുരസ്കാരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള കേരളത്തിന്‍റെ ആസൂത്രണ മികവിനെയാണ് കാണിക്കുന്നത്. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ഈ കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയികളാകുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ അവധിദിനങ്ങള്‍ ചെലവിടാന്‍ അവസരമൊരുക്കുന്നതായിരുന്നു 'ഹോളിഡേ ഹീസ്റ്റ്' ഗെയിം. കേരളത്തില്‍ അവധിക്കാലം ചെലവഴിക്കാനൊരുങ്ങുന്ന ആഭ്യന്തര വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ഗെയിം സംഘടിപ്പിച്ചത്.

കേരള ടൂറിസത്തിന്‍റെ ഔദ്യോഗിക വാട്സാപ് ചാറ്റ്ബോട്ട് ആയ മായയിലെ ആകര്‍ഷകവും ആവേശകരവുമായ ബിഡ്ഡിംഗ് ഗെയിമിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കേരള ടൂറിസത്തിന്‍റെ ബ്രാന്‍ഡിംഗ്-മാര്‍ക്കറ്റിംഗ് ഏജന്‍സിയായ സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍സ് വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ഒരു മാസത്തെ കാമ്പയിനായ 'ഹോളിഡേ ഹീസ്റ്റ്' 2023 ജൂലൈയിലാണ് ആരംഭിച്ചത്. കേരളത്തിലെ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിക്കുന്നതിനായി നിരവധി സഞ്ചാരികള്‍ ഗെയിമിന്‍റെ ഭാഗമായതോടെ ഇത് മികച്ച വിജയമായി മാറി.

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്‍റെ ഖ്യാതി ഉയര്‍ത്തിയ ട്രെന്‍ഡിങ് ഓണ്‍ലൈന്‍ കാമ്പയിനായിരുന്നു ഹോളിഡേ ഹീസ്റ്റ് എന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു. ബിഡ്ഡിങ് ഗെയിമില്‍ 80,000 ലധികം ബിഡ്സുകളാണ് നടന്നത്. 45 ദശലക്ഷത്തിലധികം ഇംപ്രഷനുകള്‍ സൃഷ്ടിച്ചു. 13 ദശലക്ഷത്തിലധികം കാണികളെയും നേടി. കാമ്പയിന്‍ കാലയളവില്‍ 5.2 ലക്ഷം ചാറ്റുകളാണുണ്ടായത്. ഗെയിമിന് ലഭിച്ച സ്വീകാര്യത ഈ കണക്കുകളില്‍ നിന്നു വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ വിഭാഗങ്ങളിലെ മികവിന് കേരള ടൂറിസത്തിന് പാറ്റ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിന്‍റെ സമര്‍ഥമായ ഡിജിറ്റല്‍ ടൂറിസം മാര്‍ക്കറ്റിങ് കാമ്പയിനിന്‍റെ വിജയവും അതുവഴി നിരവധി സഞ്ചാരികളെ ആകര്‍ഷിക്കാനായതുമാണ് ഇത്തവണത്തെ സവിശേഷതയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'ലോവസ്റ്റ് യുണിക് ബിഡ്ഡിങ്' എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള ഒരു മാസത്തെ കാമ്പയിന്‍ ഏറ്റവും കുറഞ്ഞ ബിഡ്ഡുകളുപയോഗിച്ച് മികച്ച ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കുന്നതായിരുന്നു. സമര്‍ഥമായ ബിഡ്ഡുകളിലൂടെ വെറും 5 രൂപയ്ക്ക് 30,000 രൂപയിലധികം വിലമതിക്കുന്ന ടൂര്‍ പാക്കേജുകള്‍ സ്വന്തമാക്കിയവരുണ്ട്. ഏഷ്യ-പസഫിക് മേഖലയിലെ ട്രാവല്‍ വ്യവസായത്തില്‍ നിന്നുള്ള മികച്ച സംഭാവനകള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്ന പാറ്റ 1984 ലാണ് സ്ഥാപിതമായത്.

രഹസ്യവിവരം കിട്ടി പൊലീസ് ആനക്കാംപൊയിൽ റിസോർട്ടിലെത്തി; പിടിയിലായത് യുവതിയും യുവാവും, എംഡിഎംഎ പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Latest Videos
Follow Us:
Download App:
  • android
  • ios