തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. വയനാട് പൊഴുതന സ്വദേശി ഊങ്ങാടൻ കുഞ്ഞിമുഹമ്മദും, പാലക്കാട് ഇടുക്കുപ്പാറ സ്വദേശി പഴനി സ്വാമിയുമാണ് മരിച്ചത്. 68 വയസുകാരനായ കുഞ്ഞിമുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാൻക്രിയാസിന് അർബുദം ബാധിച്ച് ചികിത്സയിലിരിക്കെയാണ് കുഞ്ഞിമുഹമ്മദിന് കൊവിഡ് സ്ഥിരീകരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പിന്നീട്‌ നടക്കും.

മുതലമട ഇടുക്കുപ്പാറ സ്വദേശിയായ പഴനിസ്വാമിക്ക് 83 വയസായിരുന്നു. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന പഴനിസ്വാമിക്ക് പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. 

ഇവരടക്കം 10 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. 

  • കോഴിക്കോട് മാവൂർ സ്വദേശി മുഹമ്മദ് ബഷീർ
  • കോട്ടയത്ത് വടവാതൂർ ചന്ദ്രാലയത്തിൽ പി എൻ ചന്ദ്രൻ
  • പത്തനംതിട്ടയിൽ പ്രമാടം സ്വദേശി 70കാരൻ പുരുഷോത്തമൻ
  • കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി വിജയകുമാർ
  • മലപ്പുറത്ത് കരുവമ്പ്രം സ്വദേശി 65കാരനായ കുഞ്ഞിമൊയ്തീൻ
  • ആലപ്പുഴയിൽ അരൂർ സ്വദേശി തങ്കമ്മ
  • എറണാകുളം സ്വദേശി അഹമ്മദ് ഉണ്ണി ( 65 വയസ്സായിരുന്നു )
  • കൊല്ലം ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആയൂർ സ്വദേശി രാജലക്ഷ്മി 

എന്നിവരാണ് ഇന്ന് മരിച്ച മറ്റ് എട്ട് പേർ.


9 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മോഹനന്‍ (68), തിരുവനന്തപുരം വെട്ടൂര്‍ സ്വദേശി മഹദ് (48), ആഗസ്റ്റ് 14ന് മരണമടഞ്ഞ തിരുവനന്തപുരം വെള്ളുമണ്ണടി സ്വദേശി ബഷീര്‍ (44), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നവരംഗം ലെയിന്‍ സ്വദേശി രാജന്‍ (84), തിരുവനന്തപുരം കവടിയാര്‍ സ്വദേശി കൃഷ്ണന്‍കുട്ടി നായര്‍ (73), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ലോറന്‍സ് (69), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി മോഹന കുമാരന്‍ നായര്‍ (58), തിരുവനന്തപുരം പുതുകുറിച്ചി സ്വദേശിനി മേര്‍ഷലി (75), തിരുവനന്തപുരം പൂജപ്പുര സ്വദേശി മണികണ്ഠന്‍ (72) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ അനുസരിച്ച് ആകെ മരണം 191 ആയി.  എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമായിരിക്കും മറ്റ് മരണങ്ങൾ ഔദ്യോഗിക കൊവിഡ് കണക്കിൽ ഉൾപ്പെടുത്തുന്നത്.