സംഭവിച്ചത് എന്താണെന്ന് എഴുതി നൽകാൻ സ്പീക്കർ നിർദ്ദേശിച്ചു.എംപി മാർ സ്പീക്കറെ ചേംമ്പറിൽ നേരിട്ട് കണ്ടും വിഷയം അവതരിപ്പിക്കും.
ദില്ലി: സിൽവർ ലൈൻ (K Rail) പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാരെ (Congress mp) തല്ലിച്ചതച്ച ദില്ലി പൊലീസ് (Delhi police) നടപടി സഭയിൽ (Parliament) ഉയർത്തി എംപിമാർ. വിഷയത്തിൽ ഗൌരവമായ ഇടപെടൽ നടത്താമെന്ന് എംപിമാർ ലോക് സഭയിൽ ആവശ്യപ്പെട്ടു. എംപിമാരെ മർദ്ദിക്കാൻ പൊലീസിന് എന്ത് അധികാരം എന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ചോദിച്ചു. സംഭവിച്ചത് എന്താണെന്ന് എഴുതി നൽകാൻ സ്പീക്കർ നിർദ്ദേശിച്ചു. എംപിമാർ സ്പീക്കറെ ചേംമ്പറിൽ നേരിട്ട് കണ്ടും വിഷയം അവതരിപ്പിക്കും. ചേംമ്പറിൽ വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ അറിയിച്ചു.

കെ റെയിൽ പ്രതിഷേധം; കേരളത്തിലെ എംപിമാരെ ദില്ലി പൊലീസ് മർദ്ദിച്ചു!
കെ റെയിലിൽ പ്രതിഷേധിച്ച് ദില്ലിയിൽ പാർലമെന്റ് മാർച്ചിനിടെയാണ് കേരളത്തിൽ നിന്നുള്ള എംപിമാരെ ദില്ലി പൊലീസ് കയ്യേറ്റം ചെയ്തത്. മാർച്ചിനിടെ എംപിമാരെ ദില്ലി പൊലീസ് വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. ഹൈബി ഈഡൻ, ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ്, കെ മുരളീധരൻ, ബെന്നി ബെഹ്നാൻ, ഡീൻ കുര്യാക്കോസ് തുടങ്ങി എംപിമാരെയാണ് പൊലീസ് കയ്യേറ്റം ചെയ്തത്. ഹൈബി ഈഡന് മുഖത്ത് അടിയേറ്റു. ടിഎൻ പ്രതാപനെ പിടിച്ചു തള്ളി. ബെന്നി ബെഹ്നാനെ കോളറിൽപിടിച്ച് തള്ളി. രമ്യ ഹരിദാസ് എംപിയെയും പുരുഷ പൊലീസ് കയ്യേറ്റം ചെയ്തു. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത പ്രതിഷേധത്തിന് നേരെയാണ് ദില്ലി പൊലീസ് അതിക്രമം ഉണ്ടായത്. കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ദില്ലി പൊലീസ് മർദ്ദനം തുടരുകയായിരുന്നുവെന്ന് എംപിമാർ പ്രതികരിച്ചു.

കെ റെയിൽ സിൽവർ ലൈൻ പദ്ധതി ലോക്സഭയിൽ
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാലമെന്റിലേക്ക് പോകാനിരുന്ന എംപിമാർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പൊലീസിനെ ഉപയോഗിച്ച് മർദിച്ച് ഒതുക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ നോട്ടീസിലെ പ്രധാന വാദം. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജനകീയ പ്രക്ഷോഭങ്ങളെ കേരളത്തിലെ എൽഡിഎഫ് സർക്കാർ പോലീസിനെ ഉപയോഗിച്ച് എതിർക്കുകയാണെന്നും സ്ത്രീകളും കുട്ടികളടക്കമുള്ളവരെ അതിക്രൂരമായിട്ടാണ് പൊലീസ് നേരിടുന്നതെന്നും ഹൈബി കൂട്ടിച്ചേർത്തിരുന്നു. കേരളം മുഴുവൻ പദ്ധതിക്കെതിരാണെന്നും എംപി നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്.
