എന്നാല്‍, യഥാര്‍ത്ഥ പ്രശ്നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെ വി വിളിനിലം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്.


തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ. വി. വിളനിലം (ഡോ. ജോൺ - വർഗീസ് വിളനിലം -87) അന്തരിച്ചു. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. കുറച്ചേറെ നാളായി ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം, തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തെ വീട്ടില്‍ കിടപ്പിലായിരുന്നു. അരനൂറ്റാണ്ടോളം നീണ്ട അധ്യാപന, ഭരണ, ഗവേഷണ കാര്യങ്ങളില്‍ സജീവമായിരുന്നു വിളനിലം. കേരള സർവകലാശാലയിൽ അധ്യാപകനായി ഔദ്ധ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ത്യയിലും അമേരിക്കയിലും വർഷങ്ങളോളം പഠന - ഗവേഷണം നടത്തിയതിന് ശേഷമാണ് അതേ സർവ്വകലാശാലയുടെ വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഉയർന്നുവന്നത്. എന്നാല്‍, എസ്എഫ്ഐയും സിപിഎമ്മും അദ്ദേഹത്തിനെതിരെ നിലപാടെടുത്തത് ഏറെ വിവാദമായിരുന്നു. 

ഓരേ സമയം മികച്ച ഗവേഷകനും അധ്യാപകനുമായിരുന്നു അദ്ദേഹം. അതോടൊപ്പം വിദ്യാഭ്യാസ രംഗത്തെ പരിഷ്കര്‍ത്താവ് കൂടിയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പരമ്പരാഗത പഠന രീതിയെ മാറ്റിയെഴുതി, സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് അദ്ദേഹമായിരുന്നു. അതോടൊപ്പം വിദ്യാര്‍ത്ഥി സമരങ്ങളെ അതിശക്തമായി നേരിട്ട വൈസ് ചാന്‍സിലറുമാണ് ഡോ.ജെ.വി. വിളനിലം. 
വിദ്യാഭ്യാസ - അധ്യാപന രംഗത്ത് ഇത്രയേറെ അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ പിഎച്ച്ഡി ബിരുദം വ്യാജമാണെന്ന് ആരോപിച്ച് എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ഡോ. ജെ വി വിളനിലത്തിനെതിരെ നീണ്ട നാല് വര്‍ഷക്കാലം കേരളത്തില്‍ സമരപരമ്പര തന്നെ സംഘടിപ്പിച്ചു. ഒടുവില്‍, സർക്കാർ നിയോഗിച്ച കമ്മീഷൻ അദ്ദേഹത്തിന് മതിയായ വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്ന് കണ്ടെത്തിയതോടെ എസ്എഫ്ഐയുടെ സമരം പരാജയപ്പെട്ടു. 

ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975 -ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു. 1992 -ൽ അദ്ദേഹം കേരളാ സര്‍വകലാശാലാ വൈസ് ചാൻസലറായി നിയമിതനായി. ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും നേടിയ പിഎച്ച്ഡിയും സര്‍വകലാശാലയില്‍ നല്‍കിയ യോഗ്യതയാ രേഖയുടെ കൂടെ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധം വ്യാജമാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ സമരം ആരംഭിച്ചത്. 

എന്നാല്‍, യഥാര്‍ത്ഥ പ്രശ്നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെ വി വിളിനിലം കേരള സര്‍വകലാശാല വൈസ് ചാന്‍സിലറായിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. കേരളാ യൂണിവേഴ്സിറ്റിയുടെ ഭൂമിയിലാണ് എകെജി സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമി പിന്നീട് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. എന്നാല്‍, ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട് പോയി. ഇതോടെ സിപിഎമ്മും കേരളാ വൈസ് ചാന്‍സ്‍ലറും തമ്മില്‍ രണ്ട് ചേരിയിലായി. ഇതോടെ വിളനിലത്തിനെതിരെ സിപിഎമ്മിന്‍റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ്എഫ്ഐ രംഗത്തെത്തി. 

ഇംഗ്ലണ്ടിലെ സസെക്സ് സര്‍വകലാശാലയില്‍ നിന്നും അദ്ദേഹം നേടിയ പിഎച്ച്ഡി വ്യാജമാണെന്ന ആരോപണം ഉന്നയിച്ച് എസ്എഫ്ഐ നാല് വര്‍ഷം നീണ്ട സമരത്തിന് തുടക്കം കുറിച്ചു. വൈസ് ചാന്‍സ്‍ലറെ സര്‍വകലാശാല വളപ്പില്‍ കേറ്റാതെ എസ്എഫ്ഐ വഴിയില്‍ തടഞ്ഞു. തെരുവുകളില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. സര്‍വകലാശാലയിലേക്ക് പോകാന്‍ പറ്റാതായതോടെ ഡോ. ജെ. വി. വിളനിലം സ്വന്തം വീട്ടില്‍ സര്‍വകലാശാല സിറ്റിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത സംഭവം വരെയുണ്ടായി.

എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സമരങ്ങളിലൊന്നായിരുന്നു വിളനിലം സമരം. ഒടുവില്‍, ആക്കാലത്തെ യുഡിഎഫ് സര്‍ക്കാര്‍ വിളനിലത്തെ ആറ് മാസത്തേക്ക് മാറ്റി നിര്‍ത്തി ഡോ. ഡി ബാബു പോളിനെ താത്കാലിക വിസിയായി നിയമിച്ചു. തുടര്‍ന്ന്, വിളനിലത്തിന്‍റെ പിഎച്ച്ഡി വ്യാജമാണോ എന്ന് പരിശോധിക്കാന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണ കമ്മീഷന്‍ എസ്എഫ്ഐയുടെ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതോടെ ഡോ. ജെ. വി. വിളനിലം സര്‍വകലാശാലാ വിസിയായി തിരിച്ചെത്തി. പിന്നീട്, വിസിയായി തിരിച്ചെത്തിയ ഡോ. ജെ. വി. വിളനിലത്തെ അതെ, എകെജി സെന്‍ററില്‍ വച്ച് മുന്‍ മുഖ്യമന്ത്രി ഇഎംഎസ് ആദരിക്കുകയും ചെയ്തു. അങ്ങനെ നാല് വര്‍ഷക്കാലം നീണ്ട ആ സമരത്തില്‍ എസ്എഫ്ഐ ദയനീയമായി പരാജയപ്പെട്ടു. പക്ഷേ, എകെജി സെന്‍റര്‍ നില്‍ക്കുന്ന ഭൂമി ഇന്നും സര്‍വകലാശാലയ്ക്ക് തിരികെ ലഭിച്ചില്ല. 

കൂടുതല്‍ വായനയ്ക്ക് : കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു