തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തോടൊപ്പം ബിബിസി ലേഖനങ്ങളിൽ ഇടംപിടിച്ച് കേരളത്തിലെ അനൗദ്യോഗിക കൊവിഡ് മരണക്കണക്കും. കൊവിഡ് മരണമൊളിപ്പിക്കുന്നതിൽ സർക്കാരിനെതിരെ ആരോഗ്യ പ്രവർത്തകരടങ്ങുന്ന കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങളെ പരാമർശിക്കുന്നതാണ് ബിബിസിയുടെ ലേഖനം. അനൗദ്യോഗിക പട്ടിക പ്രകാരം കേരളത്തിലെ കൊവിഡ് മരണം 3356 ആയി

കേരളത്തിൽ കൊവിഡ് വ്യാപനം കുത്തനെ കൂടാൻ തുടങ്ങിയ ജൂലൈയിൽ കൊവിഡ് ബാധിതരുടെ മരണം ഔദ്യോഗിക പട്ടികയിൽ നിന്ന് ഒഴിവാക്കാൻ തുടങ്ങിയതോടെയാണ് ഇതിനെതിരെ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപം കൊണ്ടത്. കാൻസറടക്കം ഗുരുതര അസുഖങ്ങൾ ഉണ്ടായിരുന്ന കൊവിഡ് ബാധിതരുടെ മരണം വരെ പട്ടികയിൽ നിന്ന് പുറത്തായി. ഇതിനെതിരെ പൊതുജനങ്ങൾക്ക് വിവരങ്ങൾക്ക് നൽകാനും അറിയാനും ഗൂഗിൾ പേജ് തുറന്നാണ് സർക്കാർ പട്ടികയ്ക്ക് പുറത്തുള്ള കൊവിഡ് മരണ കണക്കുകൾ പരിശോധനകൾക്ക് ശേഷം പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഔദ്യോഗിക കൊവിഡ് മരണം 1997 ലെത്തിയപ്പോൾ അനൗദ്യോഗിക പട്ടികയിൽ ഇത് 3356 ആയി. സർക്കാർ ഒഴിവാക്കിയ 1359  മരണം അനൗദ്യോഗിക പട്ടികയിൽ ഇടംപിടിച്ചു. മരണകാരണം കൊവിഡല്ലെന്ന പേരിൽ ഗുരുതര രോഗങ്ങളുള്ള കൊവിഡ് ബാധിതരുടെ മരണം പോലും പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ വിമർശനവുമായി കൂട്ടായ്മ  രംഗത്ത് വന്നിരുന്നു.

ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും മാർഗനിർദേശങ്ങൾ കാട്ടിയാണ് കൊവിഡ് ബാധിതരുടെ മരണം ഔദ്യോഗിക മരണ പട്ടികയിൽ നിന്നും ഒഴിവാക്കാൻ തുടങ്ങിയത്. ജൂലൈയിൽ മാത്രം 22 മരണം പട്ടികയ്ക്ക് പുറത്തായിരുന്നു. കൊവിഡ് മരണങ്ങളെ വ്യാപകമായി ഒഴിവാക്കിയത് വ്യക്തമാക്കുന്ന വിശദീകരണവും, ചില മരണം ചേർക്കാൻ വിട്ടുപോയതിൽ പിഴവുണ്ടെന്നു സമ്മതിക്കുന്ന അധികൃതരുടെ ഭാഗവും ചേർത്താണ് ബിബിസിയിലെ ലേഖനം. വ്യാപനത്തിൽ മുന്നിലായപ്പോഴും ഇന്ത്യയിലെ മരണനിരക്ക് കുറവാണെന്ന അവകാശവാദത്തെ ലേഖനം പ്രധാനമായും ചോദ്യം ചെയ്യുന്നു. അതേസമയം എല്ലാ മരണവും ചേർത്താലും മരണനിരക്കിൽ കേരളം മികച്ച നിലയിലാണെന്നും ലേഖനം ചർച്ച ചെയ്യുന്നു.