കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീനയാണ് മരിച്ചത്. ബന്ധുക്കളെ കാണാൻ വേണ്ടിയാണ് പി എസ് റസീന ശ്രീലങ്കയിൽ പോയത്.

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി പി എസ് റസീന (61) ആണ് മരിച്ചത്. ദുബായില്‍ സ്ഥിര താമസമാക്കിയ പി എസ് റസീന ബന്ധുക്കളെ കാണാൻ വേണ്ടിയാണ് ശ്രീലങ്കയിലെത്തിയത്. പി എസ് റസീനയ്ക്ക് ശ്രീലങ്കൻ പൗരത്വമാണ് ഉള്ളത്.

കൊളംബോയില്‍ എട്ടിടങ്ങളിലാണ് ഇന്ന് സ്ഫോടനമുണ്ടായത്. തെഹിവാലാ മൃഗശാലയ്ക്ക് സമീപത്തെ ഹോട്ടലിലാണ് അവസാനം സ്ഫോടനം നടന്നത്. ഇന്ന് രാവിലെയുണ്ടായ ആറ് സ്ഫോടനങ്ങളിലായി 160-ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. 

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ സെന്‍റ ആന്‍റണീസ് ചര്‍ച്ചിലുണ്ടായ സ്ഫോടനത്തിലും നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. കൊളംബോ നഗരത്തിലെ പ്രധാന പഞ്ചനക്ഷത്ര ഹോട്ടലുകളായ ഷാഗ്രി ലാ കൊളംബോ, കിംഗ്സ്ബ്യുറി ഹോട്ടല്‍, സിനിമോണ്‍ ഗ്രാന്‍ഡ് കൊളംബോ എന്നിവിടങ്ങളിലും സ്ഫോടനമുണ്ടായി. പക്ഷേ ഇവിടങ്ങളില്‍ എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര സുരക്ഷാ സമിതി യോഗം വിളിച്ചു കൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. സ്ഫോടന സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ ട്വീറ്റിലൂടെ പ്രചരിക്കുന്നുണ്ട്. വളരെ വലിപ്പമുള്ള പള്ളിയുടെ മേല്‍ക്കൂരകളടക്കം സ്ഫോടനത്തില്‍ തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. 

സ്ഫോടകവസ്തുകള്‍ ഉപയോഗിച്ച് നടത്തിയതാണ് സ്ഫോടനം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും ചാവേറാക്രമണം ഉണ്ടായെന്നും സൂചനയുണ്ട്. ഹോട്ടലുകളില്‍ സ്ഫോടനമല്ല ചാവേറാക്രമണമാണ് ഉണ്ടായതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ സംബന്ധിച്ചോ ആക്രമണത്തിന്‍റെ നിജസ്ഥിതിയെക്കുറിച്ചോ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.