തിരുവനന്തപുരം: പറവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തു. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. ആലുവ റൂറൽ പൊലീസ് സൂപ്രണ്ടിനോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടതായും എം സി ജോസഫൈൻ അറിയിച്ചു.

തൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് കമന്റ് പ്രചരിക്കുന്നെന്നാരോപിച്ച് വി ഡി സതീശൻ എംഎൽഎ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് വി ഡി സതീശൻ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകിയത്.

കഴിഞ്ഞ ദിവസമാണ് സതീശൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ കമന്റുകൾക്ക് മറുപടിയായി അസഭ്യം പറഞ്ഞു എന്ന രീതിയിൽ സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചത്. ഒരു ഫേസ്ബുക്ക് കൂട്ടായ്മയിലെ കമൻ്റുകളുടെ കൂട്ടത്തിലാണ് വി ഡി സതീശൻ്റെ പേരും ചിത്രവുമുള്ള ഐഡിയിൽ നിന്ന് മോശം പരാമർശങ്ങൾ പ്രചരിച്ചത്. ആ ഫോട്ടോ വ്യാജമാണെന്ന് വി ഡി സതീശൻ ഫേസ്ബുക്ക് പേജിലൂടെ തന്നെ വ്യക്തമാക്കിയിരുന്നു. 

Also Read: തന്‍റെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്ക്രീൻ ഷോട്ടെന്ന് വി ഡി സതീശൻ; റൂറൽ എസ്പിക്ക് പരാതി നൽകി