കൊച്ചി: കിഫ്ബിക്കെതിരെ നടക്കുന്നത് ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളിയെന്ന് സംസ്ഥാന ധനമന്ത്രി ടിഎം തോമസ് ഐസക്. ബിജെപിയുടെയും ആർഎസ്എസിന്റെയും കൽപനകൾ ശിരസാ വഹിക്കുകയല്ല സിഎജിയുടെ ചുമതല. ബിജെപിയുടെ ഒരു ഉമ്മാക്കിക്ക് മുന്നിലും കീഴടങ്ങില്ല. കിഫ്ബിയുടെ ഏത് പ്രൊജക്ടിൽ എത്ര രൂപയുടെ അഴിമതിയും ക്രമക്കേടും ആര് നടത്തിയെന്ന് വ്യക്തമായി പറയാൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും ഐസക് ചോദിച്ചു. എറണാകുളത്ത് ലെനിൻ സെന്ററിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് രമേശ് ചെന്നിത്തലക്ക്. താൻ ഉന്നയിച്ച കാതലായ വിഷയങ്ങൾക്ക് ഇപ്പോഴും ചെന്നിത്തലക്ക് മറുപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ലാവ്ലിൻ കേസിന് തുടക്കം കരട് സിഎജി റിപ്പോർട്ടിൽ നിന്നെന്ന് മറക്കരുത്. എന്നുമുതലാണ് സിഎജിയുടെ കരട് റിപ്പോർട്ട് പ്രതിപക്ഷ നേതാവിനും യുഡിഎഫിനും പവിത്ര രേഖയായത്. കരട് റിപ്പോർട്ടിലെ ലക്കും ലഗാനുമില്ലാത്ത പരാമർശങ്ങളുടെ ഉന്നം രാഷ്ട്രീയമുതലെടുപ്പാണ്. ഇനിയത് അനുവദിച്ചു തരാനാവില്ല. 

താനുയർത്തിയത് ഗുരുതര പ്രശ്നമാണ്. സംസ്ഥാനത്തിന്റെ ഭാവിയും അധികാരവും സംബന്ധിക്കുന്നതാണത്. പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വമുണ്ടെങ്കിൽ ഇതേക്കുറിച്ചാണ് പ്രതികരിക്കേണ്ടത്. സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്ക് റിസർവ് ബാങ്കിന്റെയും സെബിയുടെയും നിയമങ്ങൾക്ക് വിധേയമായി വായ്പയെടുക്കാൻ അധികാരമുണ്ടോ എന്താണ് യുഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.

മസാല ബോണ്ട് വഴി ധനം സമാഹരിച്ചത് പോലെ മുൻപ് ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ പലതും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. എൻടിപിസി രണ്ടായിരം കോടി രൂപ 2016 ലും അയ്യായിരം കോടി രൂപ സമാഹരിക്കാൻ ദേശീയപാതാ അതോറിറ്റി 2017 ലും ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിനെ സമീപിച്ചിരുന്നു. ഇത് രണ്ടും ഭരണഘടനാ വിരുദ്ധമെന്ന് റിപ്പോർട്ടിൽ എഴുതിവെക്കാൻ സിഎജിക്ക് ധൈര്യമുണ്ടോയെന്നും ഐസക് ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് ബോഡികൾ മസാല ബോണ്ട് വഴി നിക്ഷേപം സ്വീകരിച്ചാൽ ഒരു പ്രശ്നവും സംഭവിക്കില്ല, എന്നാൽ കേരളം ധനം സമാഹരിച്ചാൽ അത് ഭരണഘടനാ വിരുദ്ധമാകുമെന്നുമുള്ള ഇരട്ടത്താപ്പിനെ കുറിച്ച് ചെന്നിത്തല മറുപടി പറയണം. കിഫ്ബിയിൽ എവിടെയാണ് അഴിമതി? പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലും കിഫ്ബി വഴി പണം അനുവദിച്ചിട്ടുണ്ട്. ഏതിലെങ്കിലും അഴിമതിയുണ്ടോ? ഇന്നേവരെ അങ്ങിനെ ഒരു ആരോപണം ഉന്നയിച്ചോയെന്നും ധനമന്ത്രി ചോദിച്ചു. 

കിഫ്ബിക്കെതിരെ മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് ഭരണഘടനാ വിരുദ്ധമെന്ന ഉമ്മാക്കിയുമായി രംഗത്ത് വന്നത്. ക്രമക്കേടിന്റെയും അഴിമതിയുടെയും ഒരു കറയും കിഫ്ബിയിൽ പതിഞ്ഞിട്ടില്ല. കിഫ്ബിയിൽ സിഎജി ഓഡിറ്റ് തടയാൻ ശ്രമിച്ചുവെന്നത് പച്ചക്കള്ളം. ഓഡിറ്റ് നടത്തിയത് കൊണ്ടാണ് റിപ്പോർട്ട് ഉണ്ടായത്. കിഫ്ബി നിയമപ്രകാരം സിഎജി തന്നെയാണ് ഓഡിറ്റ് നടത്തേണ്ടത്. ഇഡിയെയും മറ്റും ഉപയോഗിച്ചുള്ള സൂത്രപ്പണിക്ക് സിഎജിയെയും നിയോഗിക്കാമെന്നാണ് ബിജെപി വിചാരിക്കുന്നത്. ആ പരിപ്പ് കേരളത്തിൽ വേവില്ലെന്നും ധനമന്ത്രി പറഞ്ഞു.