മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വരുത്തുന്നതിനും സൗഹാർദം തകർക്കണമെന്ന മുൻവിധിയോടു കൂടിയുള്ള പ്രസ്താവനയാണ് യുപി മുഖ്യമന്ത്രിയുടേതെന്ന് പരാതിയിൽ

തൃശൂർ: കേരളത്തെ അധിക്ഷേപിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ (UP CM Yogi Adityanath) പ്രസ്താവനക്കെതിരെ തൃശൂരിൽ പരാതി. യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് മുഹമ്മദ് ഹാഷിമാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വരുത്തുന്നതിനും സൗഹാർദം തകർക്കണമെന്ന മുൻവിധിയോടു കൂടിയുള്ള പ്രസ്താവനയാണ് യുപി മുഖ്യമന്ത്രിയുടേതെന്ന് പരാതിയിൽ പറയുന്നു. 

ദുരുദേശ്യത്തോടെയുള്ള വാക്കുകൾ കേരളത്തെ അപമാനിക്കുന്നതാണ്. കേരളത്തെയും കേരളത്തിൻറെ അഭിവൃദ്ധിയെയും കാലങ്ങളായുള്ള പ്രവർത്തന മികവുകളെയും മതേതര സൗഹാർദത്തെയും മോശമായി ചിത്രീകരിച്ച് കേരളത്തിലെ ജനങ്ങളോട് മറ്റുള്ളവർക്ക് അവമതിപ്പും ശത്രുതയുമുണ്ടാക്കി അപമാനിതമാക്കുന്നതാണ് പ്രവൃത്തി. അതിനാൽ ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ശിക്ഷിക്കണമെന്നാണ് പരാതി.

'കേരളം സംഘിന് അപ്രാപ്യം, ഇത് ദുഷ്പ്രചാരണത്തിന്‍റെ തികട്ടൽ', യോഗിക്കെതിരെ വീണ്ടും പിണറായി

അഞ്ചു വർഷത്തെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വീഡിയോയിലാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം. ''സൂക്ഷിച്ച് വോട്ട് ചെയ്യണം. അഞ്ചു വർഷത്തെ അദ്ധ്വാനം വെള്ളത്തിലാക്കരുത്. ഉത്തർപ്രദേശ് കശ്മീരിനെയും ബംഗാളിനെയും കേരളത്തെയും പോലെയാകാൻ താമസമുണ്ടാവില്ല. അടുത്ത അഞ്ചു കൊല്ലത്തെ നിങ്ങളുടെ സുരക്ഷയുടെ ഉറപ്പ് കൂടിയാണ് വോട്ടിംഗിലൂടെ നല്കുന്നതെന്നായിരുന്നു'' യോഗിയുടെ പ്രസ്താവന.

ഈ മൂന്നു സംസ്ഥാനങ്ങളുടെ കാര്യം എന്തിന് പറയുന്നു എന്ന് യോഗി വിശദീകരിക്കുന്നില്ല. യോഗിയുടെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിപക്ഷനേതാവും അടക്കം രംഗത്തെത്തി. യുപി കെരളത്തെ പോലെയായാൽ മികച്ച വിദ്യാഭ്യാസം ആരോഗ്യം ജീവിത നിലവാരം എന്നിവ ഉറപ്പാകാനാകുമെന്ന് പിണറായി വിജയൻ പ്രതികരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള കൊലപാതകം ഉണ്ടാകില്ലെന്നും പിണറായി ട്വീറ്റ് ചെയ്തു. നിതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമതാണ്. ഉത്തർപ്രദേശിനെ കേരളത്തെ പോലെയാക്കണമെങ്കിൽ ബിജെപിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെന്ന് യെച്ചൂരിയും പറഞ്ഞു.