തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക് വീണ്ടും കൈത്താങ്ങായി നാട്. തുടക്കത്തിലെ മന്ദത മാറി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രങ്ങളിൽ വൈകീട്ട് മുതൽ നല്ല തിരക്കായി. സഹായം ചെയ്യരുതെന്ന വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവശ്യപ്പെട്ടു.

രാവിലെ കളക്ഷൻ കേന്ദ്രങ്ങളെല്ലാം കാലിയായിരുന്നു. മഹാപ്രളയത്തിലെ കൂട്ടായ്മ മലയാളി മറന്നോ എന്ന സംശയം തന്നെ ഉയർന്നു. പക്ഷെ വൈകീട്ടോടെ സ്ഥിതി മാറി. ഭക്ഷണവും മരുന്നും വസ്ത്രങ്ങളുമൊക്കെയായി ആളുകൾ എത്തിത്തുടങ്ങി. പക്ഷെ മുൻ വർഷത്തെ ആവേശം ഇല്ലാതിരുന്നത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കി.  

കളക്ഷൻ കേന്ദ്രങ്ങളിലെ സന്നദ്ധ പ്രവർത്തകർ വീടുകളിൽ നേരിട്ടെത്തി സാധനങ്ങൾ കൊണ്ടുവരണമെന്ന് അഭ്യർത്ഥിച്ചിരുന്നു. തലസ്ഥാനത്ത് മാത്രം പതിനഞ്ചിലേറെ കളക്ഷൻ കേന്ദ്രങ്ങളുണ്ട്. ജില്ലാഭരണകൂടം നഗരസഭയും പ്രസ് ക്ലബ് അടക്കമുള്ള സ്ഥാപനങ്ങളും അകലങ്ങളിലുള്ളവരെ സഹായിക്കാനായി കൂട്ടായ്മ തീർത്തു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കടക്കം സഹായം ചെയ്യരുതെന്നും അതൊന്നും ജനങ്ങളിലേക്കെത്തില്ലെന്നുമുള്ള മട്ടിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം സജീവമായിരുന്നു. അതിനിടെ പ്രളയ ബാധിതരായി ക്യാംപുകളിലെത്തിയവരുടെ എണ്ണം രണ്ടരലക്ഷം കവിയുകയും ചെയ്തിരുന്നു. ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ വീണ്ടുമൊരിക്കൽകൂടി കേരളം കൈകോർക്കുകയാണ്.