തിരുവന്തപുരം: ജൂൺ 12ന് തിരുവന്തപുരത്ത് നിന്ന് തിരിച്ച് 13ന് മുംബൈയിലെത്തിയ നേത്രാവതി എക്സ് പ്രസിൽ യാത്രചെയ്ത ഒരു മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. എസ് 8 കോച്ചിലാണ് ഇയാൾ യാത്ര ചെയ്തത്. രത്നഗിരിയിൽ ഇറങ്ങിയ ഇയാൾക്ക് രോഗ ലക്ഷണങ്ങൾ കണ്ടതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ള മലയാളികളുടെ എണ്ണം 88 ആയി. 

അതേ സമയം മുംബൈയുടെ ജീവനാഡിയെന്നറിയപ്പെടുന്ന സബർബൻ ട്രെയിൻ ഇന്ന്മുതൽ വീണ്ടും സർവീസ് തുടങ്ങുകയാണ്. ആദ്യ ഘട്ടത്തിൽ അവശ്യ സർവീസുകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് യാത്രാനുമതിയുള്ളത്. ഐഡി കാർഡുകൾ പരിശോധിച്ച് മാത്രമാണ് ടിക്കറ്റ് നൽകുക. ട്രെയിനിലെ യാത്രക്കാരുടെ എണ്ണം 1200 ൽ നിന്ന് 700 ആയി കുറച്ചിട്ടുമുണ്ട്. സബർബൻ ട്രെയിനുകൾ സർവീസ് തുടങ്ങാൻ കഴിഞ്ഞ കുറെ ദിവസങ്ങളായി മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് മേൽ സമ്മർദ്ദം തുടരുകയായിരുന്നു.