Asianet News MalayalamAsianet News Malayalam

കെവിൻ വധക്കേസ്; കോടതി മുറിയിൽ പൊട്ടിക്കരഞ്ഞ് പ്രതികൾ

പ്രതികളിൽ പലരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നൽകണമെന്ന് പ്രതിഭാ​ഗം കോടതിയിൽ ആദ്യം തന്നെ ഉന്നയിച്ചിരുന്നു.

kevin murder case accused cried  into the courtroom
Author
Kottayam, First Published Aug 24, 2019, 12:38 PM IST

കോട്ടയം: കെവിൻ വധക്കേസിലെ ശിക്ഷാവിധിയിൻ മേലുള്ള പ്രതിഭാ​ഗത്തിന്റെ വാദം അവസാനിച്ചു. ദുരഭിമാനക്കൊലയെങ്കിൽ അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. പ്രതിഭാ​ഗത്തിന്റെ വാദത്തിനിടെ കോടതി മുറിയിൽ പ്രതികൾ പൊട്ടിക്കരഞ്ഞു. പ്രതിഭാ​ഗത്തിന് വേണ്ടി ശാസ്തമം​ഗലം അജിത് കുമാറാണ് ഹാജരായത്.

കേസിൽ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാ​​ഗം ഉന്നയിക്കുന്നത്. ഇതൊരു അപൂർവ്വങ്ങളിൽ അപൂർവമായ കേസായി കണകാക്കാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ തന്നെ പരമാവധി 25 വർഷം വരെ തടവ് ശിക്ഷ വിധിക്കാൻ പാടുള്ളു. മാത്രമല്ല, പ്രതികളുടെ പ്രായവും പ‍ശ്ചാത്തലവും പരി​ഗണിക്കണം. പ്രതികൾ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല. കെവിൽ ക്രൂരമായ കൊലയ്ക്ക് ഇരയായല്ല കൊല്ലപ്പെട്ടതെന്നടക്കമുള്ള നാല് വാദങ്ങളാണ് പ്രതിഭാ​ഗം മുന്നോട്ട് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ ഒഴിവാക്കണമെന്നും പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു.

പ്രതികളിൽ പലരുടെയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പലരും കുടുംബത്തിന്റെ ഏക അത്താണിയാണ്. ഇവർക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ തന്നെ നൽകണമെന്ന് പ്രതിഭാ​ഗം കോടതിയിൽ ആദ്യം തന്നെ ഉന്നയിച്ചിരുന്നു. പല പ്രതികളും ഈ സമയത്ത് പൊട്ടിക്കരയുകയായിരുന്നു. ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ചുകൊണ്ട് വാദം നടത്തുന്നതിനിടെ അഭിഭാഷകനടക്കം വികാരഭരിതനായ സാഹചര്യമായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. 

മുങ്ങിമരണം എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അതിനാൽ പരമാവധി ശിക്ഷ വിധിക്കരുത്. പ്രതികൾക്ക് ജീവിക്കുന്നതിനും തെറ്റ് തിരുത്താനുമുള്ള അവസരം നൽകണമെന്നും പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു.

കേസിൽ നീനുവിന്റെ സഹോദരനടക്കം 10 പേരെയാണ് കുറ്റക്കാരെന്ന് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ ആണ് കെവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി. നിയാസ് മോൻ, ഇഷാൻ ഇസ്മയില്‍,  റിയാസ് ഇബ്രാഹിംകുട്ടി, മനു മുരളീധരൻ, ഷിഫിൻ സജ്ജാദ്, എൻ നിഷാദ്, ടിറ്റു ജെറോം, ഫസില്‍ ഷെരീഫ്, ഷാനു ഷാജഹാൻ എന്നിവരാണ് മറ്റു പ്രതികൾ. എല്ലാ പ്രതികള്‍ക്കെതിരെയും കൊലപാതകം, ദ്രവ്യം മോഹിച്ചല്ലാതെ തട്ടിക്കൊണ്ട് പോയി വിലപേശല്‍, കൊല്ലുമെന്ന ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
 
സാനു ചാക്കോ, നിയാസ് മോൻ, റിയാസ് ഇബ്രാഹിം കുട്ടി എന്നിവര്‍ക്കെതിരെ പ്രത്യേക ഗൂഢാലോചന കുറ്റവുമുണ്ട്. ഏഴാം പ്രതി ഷിഫിൻ സജ്ജാദിനെതിരെ തെളിവ് നശിപ്പിച്ചതിനുള്ള കുറ്റം അധികമായി ചുമത്തി. എട്ടാം പ്രതി നിഷാദും പന്ത്രണ്ടാം പ്രതി ഷാനു ഷാജഹാനുമാണ് കെവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചത്. കേസിൽ നീനുവിന്റെ അച്ഛൻ ചാക്കോ ജോണിനെ അടക്കം നാല് പേരെ കോടതി വെറുതെ വിട്ടിരുന്നു. പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.

Follow Us:
Download App:
  • android
  • ios