Asianet News MalayalamAsianet News Malayalam

കെവിൻ കൊലപാതകക്കേസ് ഇനി മുതൽ വേറെ കോടതി പരിഗണിക്കും

ഒന്നാം പ്രതി സാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

kevin murder case will not hear in kottayam principal sessions court from today
Author
Kottayam, First Published Mar 20, 2019, 6:02 PM IST

കോട്ടയം: കെവിൻ കേസ്  പരിഗണിക്കുന്ന കോടതി മാറുന്നു. കേസ് ഏത് കോടതി പരിഗണിക്കണമെന്ന് കോട്ടയം പ്രിൻസിപ്പൾ സെഷൻസ് കോടതി തീരുമാനിക്കും. നിലവിൽ കേസ് പരിഗണിച്ചിരുന്ന സെഷൻസ് കോടതി ജഡ്ജിയെ വിജിലൻസ് ജഡ്ജിയായി മാറ്റി. കേസ് പരിഗണിക്കുന്നത്  മാർച്ച് 26 ലേക്ക് മാറ്റി. 

പ്രോസിക്യൂഷൻ സമർപ്പിച്ച കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു. ഒന്നാം പ്രതി സാനു, അഞ്ചാം പ്രതി ചാക്കോ, രണ്ടാം പ്രതി നിയാസ് എന്നിവർ ഉൾപ്പെടെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷകളും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്.

കെവിൻ കേസിൽ വിചാരണക്ക് മുൻപ് നരഹത്യയെന്ന വകുപ്പ് തള്ളണമെന്ന മുഖ്യ പ്രതികളുടെ ആവശ്യം കോടതി തള്ളിയിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം ഉൾപ്പടെ പത്ത് വകുപ്പുകൾ ചുമത്തി. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

കെവിന്‍റേത് മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു നരഹത്യ നില നിൽക്കില്ലെന്ന് മുഖ്യ പ്രതികൾ വാദിച്ചത്. എന്നാൽ കെവിനെ ഓടിച്ച് പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വിശദീകരിച്ചു. അതിനാൽ കൊലപാതക കുറ്റം ചുമത്തി വിശദമായ വാദം വേണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

നീനുവിനെ ദളിതനായ കെവിൻ വിവാഹം ചെയ്തതിലെ വൈരാഗ്യം സഹോദരൻ തീർക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ ആക്ഷേപം. നീനുവിന്‍റെ സഹോദരൻ സാനു അച്ഛൻ ചാക്കോ എന്നിവരുൾപ്പടെ 14 പ്രതികളാണുള്ളത്. കൊലപാതകത്തിന് പുറമേ ഭവനഭേദനം ഭീഷണിപ്പെടുത്തൽ തട്ടിക്കൊണ്ട് പോകൽ തുടങ്ങി 10 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios