കേരളത്തിൽ ഭരണമാറ്റത്തിൽ നിർണായകമാകുന്നത് നേരിയ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. മഞ്ചേശ്വരം, ഉദുമ, കണ്ണൂർ, പേരാവൂർ, മാനന്തവാടി തുടങ്ങിയ മണ്ഡലങ്ങളിലെ കഴിഞ്ഞ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുമ്പോൾ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാകുമെന്ന് വ്യക്തമാകുന്നു.
കേരളത്തിൽ 140 നിയോജക മണ്ഡലത്തിലാണ് മത്സരം നടക്കുന്നത്. എങ്കിലും കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന കുറച്ച് മണ്ഡലങ്ങളുണ്ട്. എങ്ങോട്ടും മാറി മറിയാവുന്ന നേര്‍ത്ത ഭൂരിപക്ഷമുള്ള അമ്പതില്‍ താഴെ സീറ്റുകളാണ് കേരളത്തിലുളളത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അയിരത്തിൽ താഴെ ഭൂരിപക്ഷമുള്ള 45 മണ്ഡലങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മണ്ഡലങ്ങളാണ് യഥാർഥത്തിൽ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത്.
ഇഞ്ചോടിഞ്ച് പോരാട്ടങ്ങളുടെ രാഷ്ട്രീയഭൂമി- മഞ്ചേശ്വരം
കാസർകോട് ജില്ലയിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുഡിഎഫും ബിജെപിയും തമ്മിലുള്ള തീപാറുന്ന പോരാട്ടത്തിനാണ് ഈ മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.
തിരഞ്ഞെടുപ്പ് ചരിത്രത്തിലെ നാഴികക്കല്ലുകൾ
മഞ്ചേശ്വരത്തെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞത് 2006-ന് ശേഷമാണ്. ഇടതുകോട്ടയായിരുന്ന ഇവിടെ സിഎച്ച് കുഞ്ഞമ്പു (സിപിഎം) 4,829 വോട്ടിന് വിജയിച്ചതായിരുന്നു എൽഡിഎഫിന്റെ അവസാനത്തെ വലിയ നേട്ടം. 2011 മുതൽ മണ്ഡലം യുഡിഎഫിനൊപ്പമാണ്. 2011ൽ മുസ്ലീം ലീഗിലെ പിബി അബ്ദുൾ റസാഖ് 5,828 വോട്ടുകൾക്ക് വിജയിച്ചു. ബിജെപിയിലെ കെ സുരേന്ദ്രൻ രണ്ടാമതെത്തിയതോടെ, നിലവിലെ എംഎൽഎ ആയിരുന്ന സിഎച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2016ൽ കേരളം ഉറ്റുനോക്കിയ അതിശക്തമായ പോരാട്ടമായിരുന്നു മണ്ഡലത്തിൽ നടന്നത്. വെറും 89 വോട്ടുകൾക്കാണ് പിബി അബ്ദുൾ റസാഖ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ചിത്രം മാറിയില്ല. മുസ്ലീം ലീഗിലെ എകെഎം അഷ്റഫ് വിജയിച്ചപ്പോൾ ഭൂരിപക്ഷം കേവലം 745 വോട്ടുകൾ മാത്രമായിരുന്നു. രണ്ടാം സ്ഥാനത്ത് വീണ്ടും കെ സുരേന്ദ്രൻ തന്നെ എത്തി.
മാറുന്ന സമവാക്യങ്ങൾ: യുഡിഎഫിന്റെ ആത്മവിശ്വാസം
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം മൂന്നക്കത്തിലേക്ക് ചുരുങ്ങുന്നത് യുഡിഎഫിന് ആശങ്കയുണ്ടാക്കാറുണ്ടെങ്കിലും, ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം അവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ ബഹുദൂരം പിന്നിലാക്കി ഇരുപതിനായിരത്തിൽപ്പരം വോട്ടുകളുടെ വ്യക്തമായ മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചു. നിയമസഭയിൽ ബിജെപി ഉയർത്തുന്ന കടുത്ത വെല്ലുവിളിയെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഈ വൻ ഭൂരിപക്ഷം കൊണ്ട് മറികടക്കാമെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ കണക്കുകൂട്ടൽ.
ഉദുമ നിയോജക മണ്ഡലം
മഞ്ചേശ്വരത്തെപ്പോലെ തന്നെ കാസർകോട് ജില്ലയിൽ ഉദുമ മണ്ഡലവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സമാനമായ രീതിയിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്. കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിയെ ചേർത്തുപിടിച്ച ചരിത്രമാണ് ഉദുമയുടേതെങ്കിലും, ശക്തമായ മത്സരം കാഴ്ചവെച്ചാൽ ഏതു നിമിഷവും രാഷ്ട്രീയ ചിത്രം മാറാവുന്ന ഒരു മണ്ഡലമാണിത്. നിലവിൽ എൽഡിഎഫിന്റെ ഉറച്ച സീറ്റായി കണക്കാക്കപ്പെടുമ്പോഴും, വോട്ടുവിഹിതത്തിലെ മാറ്റങ്ങൾ ഇരുമുന്നണികൾക്കും ഒരുപോലെ പ്രതീക്ഷയും ആശങ്കയും നൽകുന്നുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കുതിപ്പും കിതപ്പും
2011ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ കുഞ്ഞിരാമൻ 11,380 വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അന്ന് മണ്ഡലം നിലനിർത്തിയത്. 2016ൽ മണ്ഡലം കടുത്ത പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കോൺഗ്രസ് കരുത്തനായ കെ സുധാകരനെ കളത്തിലിറക്കിയതോടെ എൽഡിഎഫ് ക്യാമ്പ് ശരിക്കും വിയർത്തു. കേവലം 3,832 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് കെ കുഞ്ഞിരാമൻ അന്ന് കഷ്ടിച്ച് ജയിച്ചുകയറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം തിരിച്ചുപിടിച്ചു. മഞ്ചേശ്വരത്ത് നിന്നും ഉദുമയിലെത്തിയ സി.എച്ച്. കുഞ്ഞമ്പു, യുഡിഎഫിലെ ബാലകൃഷ്ണൻ പെരിയയെ 13,322 വോട്ടിന് പരാജയപ്പെടുത്തി ഇടതുസ്വാധീനം ഉറപ്പിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ അട്ടിമറി
നിയമസഭയിൽ എൽഡിഎഫിന് വലിയ ഭൂരിപക്ഷമുണ്ടെങ്കിലും, ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. മണ്ഡലത്തിൽ ആകെ പോൾ ചെയ്ത വോട്ടുകളിൽ 685 വോട്ടിന്റെ മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. ഭൂരിപക്ഷം ചെറുതാണെങ്കിലും, വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ എൽഡിഎഫിന്റെ ആധിപത്യം തകർക്കാൻ ഈ മുന്നേറ്റം മതിയെന്നാണ് യുഡിഎഫ് പ്രവർത്തകരുടെ കണക്കുകൂട്ടൽ.
കണ്ണൂർ ജില്ലയിലെ ചുവപ്പ് കോട്ടകൾ
കണ്ണൂർ കാലാകാലങ്ങളായി ഇടതുമുന്നണിക്ക് വലിയ ഭൂരിപക്ഷം സമ്മാനിക്കുന്ന ജില്ലയാണെങ്കിലും, ഇത്തവണത്തെ തിരഞ്ഞെടുപ്പ് ചിത്രം കണ്ണൂരിൽ അല്പം വ്യത്യസ്തമാണ്. 2016-ൽ എട്ടും 2021-ൽ ഒമ്പതും സീറ്റുകൾ നേടി ജില്ലയിൽ ആധിപത്യം ഉറപ്പിച്ച എൽഡിഎഫിന്, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
1. ഇരിക്കൂർ: യുഡിഎഫിന്റെ ഉരുക്കുകോട്ട
കോൺഗ്രസിന്റെ ഉറച്ച സീറ്റായ ഇരിക്കൂറിൽ കണക്കുകൾ യുഡിഎഫിന് അനുകൂലമാണ്. എങ്കിലും 2006ൽ കെസി ജോസഫിനെതിരെ ജെയിംസ് മാത്യുവിനെ (സിപിഎം) ഇറക്കി ഇടതുപക്ഷം ഭൂരിപക്ഷം 1,831-ലേക്ക് താഴ്ത്തി അത്ഭുതം സൃഷ്ടിച്ച ചരിത്രവും ഉണ്ടായിട്ടുണ്ട്. 2021-ൽ സജീവ് ജോസഫ് 10,010 വോട്ടിനാണ് വിജയിച്ചത്. ഏറ്റവും ഒടുവിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഇവിടെ 31,078 വോട്ടിന്റെ കൂറ്റൻ ഭൂരിപക്ഷമാണ് നേടിയത്. ഇത് മണ്ഡലത്തിലെ യുഡിഎഫിന്റെ സ്വാധീനം അടിവരയിടുന്നു.
2. പേരാവൂർ: പ്രവചനാതീതമായ പോരാട്ടം
മുന്നണികൾ മാറിമാറി ജയിക്കുന്ന പേരാവൂരിൽ ഇത്തവണ പോരാട്ടം കടുക്കും. 2006-ൽ കെകെ ശൈലജ ടീച്ചർ പിടിച്ചെടുത്ത മണ്ഡലം 2011 മുതൽ സണ്ണി ജോസഫിലൂടെ യുഡിഎഫ് നിലനിർത്തുകയാണ്. 2021-ൽ 3,172 വോട്ടായിരുന്നു സണ്ണി ജോസഫിന്റെ ഭൂരിപക്ഷം. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 11,233 വോട്ടിന്റെ ലീഡുണ്ട്. എന്നാൽ 2020-ൽ വലിയ ലീഡ് ഉണ്ടായിട്ടും നിയമസഭയിൽ തോറ്റ ചരിത്രം എൽഡിഎഫിന് ഉള്ളതിനാൽ ഇരുമുന്നണികൾക്കും ഇവിടെ പ്രതീക്ഷയുണ്ട്.
3. കണ്ണൂർ: നേരിയ ഭൂരിപക്ഷത്തിന്റെ കളിത്തട്ട്
ജില്ലാ ആസ്ഥാനമായ കണ്ണൂർ മണ്ഡലത്തിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് വളരെ ചെറിയ വോട്ടുകളാണ്. രാമചന്ദ്രൻ കടന്നപ്പള്ളി 2016-ൽ 1,196 വോട്ടിനും 2021-ൽ 1,745 വോട്ടിനുമാണ് വിജയിച്ചത്. കെ സുധാകരൻ 2001-ൽ നേടിയ 19,133 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം ഇന്നും ചർച്ചയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 8,350 വോട്ടിന്റെ ലീഡ് നേടിയത് യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകുന്നു.
4. തളിപ്പറമ്പും അഴീക്കോടും: അപ്രതീക്ഷിത മാറ്റങ്ങൾ
എംവി ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന, സിപിഎമ്മിന്റെ കോട്ടയായ ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 2,116 വോട്ടിന്റെ ലീഡ് നേടി ഞെട്ടിച്ചു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിലെ വോട്ടുകൾ കൂടി ചേരുമ്പോൾ എൽഡിഎഫ് മുന്നിലാകുമെങ്കിലും പോരാട്ടം ശക്തമാകുമെന്ന് ഉറപ്പാണ്. 2021-ൽ കെവി സുമേഷിലൂടെ എൽഡിഎഫ് പിടിച്ചെടുത്ത ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 2,019 വോട്ടിന്റെ ലീഡുണ്ട്. പയ്യന്നൂരും ഇപ്രാവശ്യം ചർച്ചാ വിഷയമാകുന്ന മണ്ഡലമാണ്. സിറ്റിംഗ് എംഎൽഎ ടിഐ മധുസൂദനൻ നേരിടുന്ന രക്തസാക്ഷി ഫണ്ട് വിവാദം മണ്ഡലത്തിൽ ചർച്ചയാവുകയാണ്. പാർട്ടി നേതൃത്വത്തിനെതിരെ അണികൾക്കിടയിലുള്ള പ്രതിഷേധം വോട്ടിംഗിനെ എങ്ങനെ ബാധിക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പോരാട്ടം കടുപ്പിച്ച് മാനന്തവാടിയും സുൽത്താൻ ബത്തേരിയും
വയനാട് ജില്ലയിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം എപ്പോഴും പ്രവചനാതീതമാണ്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ, ഇടതുപക്ഷത്തിന്റെ കോട്ടകളിൽ യുഡിഎഫ് വിള്ളൽ വീഴ്ത്തുന്നതും യുഡിഎഫിന്റെ ഉറച്ച സീറ്റുകളിൽ ഭൂരിപക്ഷം കുറയുന്നതുമായ കാഴ്ചയാണ് കാണുന്നത്.
1. മാനന്തവാടി: അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ്
മാറിമാറി വരുന്ന ഭരണത്തുടർച്ചയാണ് മാനന്തവാടി മണ്ഡലത്തിന്റെ ചരിത്രം. 2011-ൽ യുഡിഎഫിനൊപ്പമായിരുന്ന മണ്ഡലം കഴിഞ്ഞ രണ്ട് തവണയായി ഇടതുപക്ഷത്താണ്. 2011-ൽ പികെ ജയലക്ഷ്മി 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് മന്ത്രിയായി. എന്നാൽ 2016-ലും 2021-ലും ഒആർ കേളുവിലൂടെ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. 2021-ൽ 9,282 വോട്ടിനായിരുന്നു കേളുവിന്റെ വിജയം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലത്തിൽ 11,548 വോട്ടിന്റെ വ്യക്തമായ ലീഡ് നേടിയിട്ടുണ്ട്. തിരുനെല്ലി പഞ്ചായത്തിൽ ഒഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യുഡിഎഫ് മുന്നേറിയത് എൽഡിഎഫ് ക്യാമ്പിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
2. സുൽത്താൻ ബത്തേരി: ഭൂരിപക്ഷം കുറയുന്നത് യുഡിഎഫിന് ഭീഷണിയോ?
1996-ലും 2006-ലും ഒഴികെ മിക്കപ്പോഴും യുഡിഎഫിനെ തുണച്ച മണ്ഡലമാണ് സുൽത്താൻ ബത്തേരി. 2011 മുതൽ ഐസി ബാലകൃഷ്ണൻ ഇവിടെ എംഎൽഎയാണ്. 2011-ൽ 7,583 വോട്ടായിരുന്ന ഭൂരിപക്ഷം 2016-ൽ 11,198 ആയും 2021-ൽ 11,822 ആയും വർദ്ധിപ്പിക്കാൻ ഐസി ബാലകൃഷ്ണന് സാധിച്ചിരുന്നു. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ലീഡ് 2,781 വോട്ടായി ചുരുങ്ങിയിട്ടുണ്ട്. 2020-ലും സമാനമായ രീതിയിൽ കുറഞ്ഞ ലീഡ് (2,542) ഉണ്ടായെങ്കിലും നിയമസഭയിൽ അത് വലിയ ഭൂരിപക്ഷമായി മാറിയിരുന്നു എന്നത് യുഡിഎഫിന് ആശ്വാസം നൽകുന്നുണ്ട്. എങ്കിലും ലീഡിലുണ്ടായ ഈ കുറവ് വരാനിരിക്കുന്ന പോരാട്ടം കടുപ്പമേറിയതാക്കുമെന്നാണ് സൂചിപ്പിക്കുന്നത്.


