ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇറക്കി യുഡിഎഫ് അട്ടിമറി ലക്ഷ്യമിടുമ്പോൾ, നാട്ടുകാരനും സുപരിചിതനുമായ വിപിപി മുസ്തഫയിലൂടെ കോട്ട കാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. 

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സവിശേഷ സ്ഥാനമുള്ള തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം ഇത്തവണ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ഇവിടെ, ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഇറക്കി അട്ടിമറി വിജയമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. എന്നാൽ മണ്ഡലത്തിന് സുപരിചിതനായ വിപിപി മുസ്തഫയിലൂടെ കോട്ട കാക്കാനുറച്ചാണ് എൽഡിഎഫ് പ്രചാരണം നയിക്കുന്നത്.

മണ്ഡലത്തിൻ്റെ ചരിത്രം

1957-ലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ നീലേശ്വരം മണ്ഡലത്തിന്റെ ഭാഗമായിരുന്നു ഇപ്പോഴത്തെ തൃക്കരിപ്പൂർ നിയോജക മണ്ഡലം. ഈ പ്രദേശത്തെ പ്രതിനിധീകരിച്ചത് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടായിരുന്നു. ചരിത്രവും രാഷ്ട്രീയവും ഇഴചേർന്ന് കിടക്കുന്ന തൃക്കരിപ്പൂർ നിയമസഭാ മണ്ഡലം എന്നും ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായാണ് അറിയപ്പെടുന്നത്. 1977-ൽ നീലേശ്വരം മണ്ഡലം പുനർനിർണ്ണയിച്ചാണ് തൃക്കരിപ്പൂർ മണ്ഡലം രൂപീകൃതമായത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രത്തിൽ‌ 1960-ൽ മാത്രമാണ് ഇവിടെ ഒരു കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വിജയിക്കാനായത്. അതായത് അപ്പോഴും തൃക്കരിപ്പൂർ മണ്ഡലത്തിൽ അല്ല കോൺ​ഗ്രസ് സ്ഥാനാർഥി വിജയിച്ചത്. നീലേശ്വരം മണ്ഡലത്തിലായിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ ഈ നിയോജക മണ്ഡലത്തിൽ നീലേശ്വരം നഗരസഭയും എട്ട് ഗ്രാമപഞ്ചായത്തുകളുമാണ് ഉൾപ്പെടുന്നത്. നീലേശ്വരം ന​ഗരസഭ ഭരിക്കുന്നത് എൽഡിഎഫ് ആണ്.

മുഖ്യമന്ത്രിമാരെ സംഭാവന ചെയ്ത മണ്ഡലം

കയ്യൂർ ഉൾക്കൊള്ളുന്ന നിയമസഭ മണ്ഡലമാണ് തൃക്കരിപ്പൂർ എന്ന പ്രത്യേകതയുമുണ്ട്. രണ്ടു മുഖ്യമന്ത്രിമാരേയും ഒരു പ്രതിപക്ഷനേതാവിനെയും സമ്മാനിച്ച തൃക്കരിപ്പൂർ മണ്ഡലം ഇക്കുറി സംസ്ഥാന തലത്തിൽ ശ്രദ്ധേയമാവുന്നത് യുഎഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത് ബിജെപിയിൽനിന്നും കോൺ​ഗ്രസിലെത്തിയ സന്ദീപ് വാര്യരാണെന്നതുകൊണ്ടാണ്. സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗം വിപിപി മുസ്തഫയുടെ തെരഞ്ഞെടുപ്പ് പ്രചാരണം സമൂഹമാധ്യമങ്ങളിലും മണ്ഡലത്തിലും ഏറെ മുന്നേറിനിൽക്കുമ്പോഴാണ് സന്ദീപ് വാര്യർ മണ്ഡലത്തിലേക്ക് രം​ഗപ്രവേശനം ചെയ്യുന്നത്. മണ്ഡലത്തിൽ അട്ടിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് യുഡിഎഫ് സന്ദീപ് വാര്യരെ ഇവിടേക്ക് ചുമതലപ്പെടുത്തിയിട്ടുള്ളത്.

തദ്ദേശ ഭരണം

തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്. ഇതിൽ തൃക്കരിപ്പൂര്‍, വലിയപറമ്പ പഞ്ചായത്തുകൾ മുസ്ലീം ലീ​ഗാണ് ഭരിക്കുന്നത്. വെസ്റ്റ് എളേരിയിൽ ഈസ്റ്റ് എളേരി കോൺഗ്രസ് നേതൃത്വത്തിലും ഭരിക്കുന്നു. പടന്ന, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി, നീലേശ്വരം നഗരസഭ, വെസ്റ്റ് എളേരി എന്നിവ എല്‍ഡിഎഫ് ഭരണത്തിലാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടുന്നുണ്ടെങ്കിലും, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ‌ യുഡിഎഫിന് തന്നെയായിരുന്നു മേൽക്കൈ.

സ്ഥാനാർഥികൾ

എൽഡിഎഫ് രം​ഗത്ത് ഇറക്കിയ വിപിപി മുസ്തഫ തൃക്കരിപ്പൂർ കാരോളം സ്വദേശിയാണ്. എംഎസ്എഫിലൂടെയാണ് വിപിപി മുസ്തഫ പൊതുരം​ഗത്തേക്ക് കാലെടുത്ത് വച്ചതെങ്കിലും പിന്നീട് എസ്എഫ്ഐ, ഡിവൈഎഫ്ഐ സംഘടനകളുടെ തലപ്പത്ത് എത്തുകയായിരുന്നു. 2015ൽ സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗമായി. മൂന്നുതവണ ജില്ല പഞ്ചായത്തംഗം, ജില്ല ആസൂത്രണസമിതി അംഗവുമായും പ്രവർത്തിച്ചിട്ടുണ്ട്. വിപിപി തൃക്കരിപ്പൂർ ജനതയ്ക്ക് അത്രതോളം പരിചയമുള്ള നേതാവാണ്. തീവ്ര വലതുപക്ഷത്തുനിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ (45) പാലക്കാട് ചെത്തല്ലൂർ സ്വദേശിയാണ്. തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ ബുക്കിങ് ക്ലർക്കായിരുന്ന പിതാവ് ഗോവിന്ദ വാര്യർ വഴിയാണ് തൃക്കരിപ്പൂർ ബന്ധം. ചെറുവത്തൂർ ആനിക്കാടി സ്വദേശിയാണ് രവി കുളങ്ങരയാണ് എൻഡിഎ ടിക്കറ്റിൽ ട്വന്റി 20ക്ക് വേണ്ടി തൃക്കരിപ്പൂരിൽ മത്സര രം​ഗത്ത് ഇറങ്ങുന്നത്. പ്രവാസി കോൺഗ്രസിൽനിന്ന് തുടങ്ങി എൻസിപിയിലൂടെയാണ് രവി കുളങ്ങര ട്വന്റി 20യിൽ എത്തിനിൽക്കുന്നത്.

വോട്ട് നില

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 26,137 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി സിപിഎമ്മിലെ എം രാജഗോപാലൻ ജയിച്ചത്. എതിരാളി യുഡിഎഫ് സ്ഥാനാർഥി കേരളാ കോൺഗ്രസിലെ എംപി ജോസഫ് ആയിരുന്നു. എന്നാൽ 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം അട്ടിമറിക്കപ്പെട്ടു. കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ 10,448 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം തിരിച്ചുപിടിച്ചെങ്കിലും അത് 6010 ആയി കുറയുന്നതായിരുന്നു കാണാൻ സാധിച്ചത്. എൻഡിഎയുടെ വോട്ട് 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ 10,961 ആയിരുന്നത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ 17,085 ആയി ഉയർന്നെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ 8529 ആയി താഴുകയായിരുന്നു ചെയ്ത‌ത്. മണ്ഡലത്തിൽ നിലവിൽ 2,09,642 വോട്ടർമാരാണുള്ളത്. 1,01,826 പുരുഷന്മാരും 1,07,814 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡറുകളും മണ്ഡലത്തിലുണ്ട്.

ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർഥി

കഴിഞ്ഞതവണ മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനാൽ ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാർഥിയാണിവിടെ മത്സരിച്ചത്. ഇത്തവണ ജില്ലയിൽനിന്നുള്ള സ്ഥാനാർഥിക്കായി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് തുടക്കം മുതലേ യുഡിഎഫിൽ ആവശ്യമുയർന്നിരുന്നു. ഇതനുസരിച്ച് കോൺഗ്രസ്, മണ്ഡലം ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ മത്സരിക്കുന്നത് ജില്ലയിൽ നിന്നുള്ള വ്യക്തിയല്ലെന്ന് മാത്രം. ജില്ലക്കാരനായ സ്ഥാനാർഥിയെ ലഭിക്കാത്തതിനാൽ കോൺഗ്രസ് പ്രാദേശികനേതൃത്വത്തിൽ കടുത്ത അമർഷമുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആദ്യം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന നിലാപാടെടുത്ത കേരള കോൺഗ്രസ് ജില്ലാ നേതൃത്വം ഇവിടെ സ്ഥാനാർഥിയായി ജില്ലാ പ്രസിഡന്റിനെ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കാഞ്ഞങ്ങാട് മണ്ഡലം അവർക്ക്‌ വിട്ടുകൊടുത്ത് തൃക്കരിപ്പൂർ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു.

മണ്ഡലത്തിലെ പരിചയ സമ്പത്ത്

തൃക്കരിപ്പൂർ സ്വദേശിയായ വിപിപി മുസ്തഫയ്ക്ക് മണ്ഡലത്തിൻ്റെ മുക്കും മൂലയും വരെ അറിയാം. മുമ്പും സ്ഥാനാർഥിയായി പരിഗണിക്കപ്പെട്ടിരുന്നു. അപ്പോഴൊക്കെ നഷ്ടമായ അവസരമാണിപ്പോൾ വിപിപിയിലേക്ക് കൈവന്നിരിക്കുന്നത്. ബിജെപിയിൽ ഉണ്ടായിരുന്നപ്പോഴും പിന്നീട് കോൺ​ഗ്രസിലേക്ക് ചേക്കേറിയപ്പോഴും ചനൽ ചർച്ചകളിൽ നിറസാന്നിധ്യമാണ് സന്ദീപ് വാര്യർ. അതുകൊണ്ട് തന്നെ വോട്ടർമാർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എങ്കിലും നാട്ടുകാരനല്ല എന്ന പ്രശ്നം പുറത്തു കാണിക്കുമന്നില്ലെങ്കിലും കോൺ​ഗ്രസിനകത്തുള്ള ചിലർക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.