തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർത്ഥികളെയും മെഡിക്കൽ കോളേജ് ആശുപത്രികൾക്ക് പുറത്ത് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് മെഡിക്കൽ കോളേജ് അധ്യാപക സംഘടന. ഇങ്ങനെ ചെയ്‌താൽ മെഡിക്കൽ കോളേജ് ആശുപത്രികളുടെ പ്രവർത്തനത്തെ അത് സാരമായി ബാധിക്കും. അത് അംഗീകരിക്കാൻ ആകില്ലെന്നും കെ ജി എം സി ടി എ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ മെഡിക്കൽ കോളേജിന് പുറത്ത് പാങ്ങപ്പാറ  ഇൻറ്റഗ്രേറ്റഡ് ഹെൽത്ത് സെന്ററിൽ പോസ്റ്റ്‌ ചെയ്യാൻ  നീക്കം ഉള്ളതായി അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ്  കെ ജി എം സി ടി എയുടെ പ്രസ്താവന. നിലവിൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ കൊവിഡ്,  കൊവിഡേതര  ഡ്യൂട്ടികൾ, ഓൺലൈൻ ക്ലാസുകൾ,  ലാബ് വർക്കുകൾ,  യൂണിവേഴ്സിറ്റി പരീക്ഷ  നടത്തിപ്പ്, മെഡിക്കൽ കോളേജുകളുടെ കീഴിലുള്ള സി എഫ് എൽ ടി സി കൾ എന്നിവയിൽ ജോലി ചെയ്യുന്നുണ്ട്. 
 
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ വളരെയേറെ ഒഴിവുകൾ നിലവിലുണ്ട്. അതോടൊപ്പം, ത്രീ ടയർ സിസ്റ്റത്തിൽ ജോലി ചെയ്യുന്നതിനാൽ  പലരും ക്വാറന്റൈനിൽ ആണ്  ഉള്ളത്.  അതുകൊണ്ട് തന്നെ,  ആവശ്യത്തിന്  ഡോക്ടർമാരും, പിജി വിദ്യാർത്ഥികളും  ഹൗസ് സർജൻമാരും  ഇല്ലാത്ത  ഇപ്പോഴത്തെ  സാഹചര്യത്തിൽ മെഡിക്കൽ കോളേജിന് പുറത്ത് പോസ്റ്റ്‌  ചെയ്താൽ അത്  മെഡിക്കൽ കോളേജുകൾ   ഇന്ന്  നല്കിപ്പോരുന്ന  മഹത്തായ സേവനം താളം തെറ്റിക്കാൻ ഇടയാക്കും.   അതിനാൽ  ഈ നീക്കത്തിൽ നിന്നും അധികൃതർ പിന്തിരിയണമെന്നാണ് കെജിഎംസിടിഎ ആവശ്യപ്പെടുന്നത്.