Asianet News MalayalamAsianet News Malayalam

വിഐപി ഡ്യൂട്ടിക്ക് ആചാരം പോലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍; പ്രതിഷേധവുമായി കെജിഎംഒഎ

ദിനംപ്രതി ഒപിയില്‍ 200 മുതല്‍ 300 വരെ രോഗികള്‍ ചികിത്സ തേടി എത്തുമ്പോഴാണ് പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത മൈതാനങ്ങളിലും സമ്മേളനങ്ങളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത്.

KGMOA against assigning VIP duty to government doctors
Author
Thiruvananthapuram, First Published Apr 16, 2019, 6:27 PM IST

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളെ ചികിത്സിക്കാന്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തപ്പോള്‍ വിഐപി ഡ്യൂട്ടിക്ക് സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയമിക്കുന്ന നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടന രംഗത്ത്.  ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ ഡോക്ടറുമാരുടെ ഗണ്യമായ കുറവ് ഉള്ളപ്പോള്‍ ചെറിയ മേളയ്ക്കും സമ്മേളനത്തിനും വരെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതിനെതിരെ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനാണ്(കെജിഎംഒഎ) പ്രതിഷേധവുമായി എത്തിയത്.

ദിനംപ്രതി ഒപിയില്‍ 200 മുതല്‍ 300 വരെ രോഗികള്‍ ചികിത്സ തേടി എത്തുമ്പോഴാണ് പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്ത മൈതാനങ്ങളിലും സമ്മേളനങ്ങളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത്. പല വിഐപികള്‍ക്കുമൊപ്പം മെഡിക്കല്‍ സംഘം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഡോക്ടര്‍മാരും ആചാരം പോലെ വിഐപികളെ അനുഗമിക്കണം എന്നതാണ് നിലവിലെ സാഹചര്യം. 

ഡോക്ടര്‍മാരെ ഇത്തരം ജോലികള്‍ക്ക് നിയോഗിക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും പാലിക്കപ്പെടാറില്ലെന്നും. ആശുപത്രിയില്‍ പകരം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി അഞ്ചുദിവസം മുമ്പെങ്കിലും ഡ്യൂട്ടി വിവരം ഡോക്ടര്‍മാരെ അറിയിക്കണമെന്ന ചട്ടം നിലനില്‍ക്കെ പലപ്പോഴും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് ഡോക്ടര്‍മാരെ ഡ്യൂട്ടി വിവരം അറിയിക്കുന്നതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 

പലപ്പോഴും അമ്പത് വയസ്സിലേറെ പ്രായമുള്ള മുതിര്‍ന്ന ഡോക്ടര്‍മാരെയാണ് കൂടുതലായും വിഐപി ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സമയം പോലും ഇല്ലാതെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നേരിടേണ്ടി വരുന്നത്. 

പെരിന്തല്‍മണ്ണയില്‍ കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭിക്കാതെ ഡോക്ടര്‍ കുഴഞ്ഞുവീണത് ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയുടെ ഒടുവിലത്തെ ഉദാഹരണമായി കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നു . ആരോഗ്യ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും വിഐപി ഡ്യൂട്ടികളില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നുമാണ് കെജിഎംഒഎയുടെ ആവശ്യം.

KGMOA against assigning VIP duty to government doctors

Follow Us:
Download App:
  • android
  • ios