തൃശ്ശൂർ: വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിൻെറ മണ്ഡലമായ പുതുക്കാട് ചെമ്പൂച്ചിറ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍  കെട്ടിടത്തിൻറെ  നിർമാണത്തിലെ അപാകതയെ കുറിച്ച് കിഫ് ബി ഉദ്യോഗസ്ഥർ പരിശോധന നടത്തി. കെട്ടിടത്തിൻ്റെ ഉറപ്പ് ഉപകരണങ്ങളുടെ സഹായത്തോടെ സംഘം പരിശോധിച്ചു. 

പരിശോധന റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കിഫ് ബി യുടെ 3 കോടി രൂപ ഉപയോഗിച്ച് പണിയുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരകളും ചുമരുകളും തൊട്ടാൽ അടർന്നു വീഴുന്ന അവസ്ഥയിലാണെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

കെട്ടിടത്തിൻ്റെ നിർമാണത്തിലെ ക്രമക്കേടിനെ കുറിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നേരത്തെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയ്ക്കാണ് മന്ത്രി നിർദേശം നല്‍കിയത്. അഴിമതിയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. മന്ത്രിയ്ക്കെതിരെ കേസെടുക്കണെന്നാവശ്യപ്പെട്ട് ബിജെപി വിജിലൻസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശ്നോത്സവം ഉദ്ഘാടനം നിര്‍വഹിച്ച വിദ്യാലയമാണ് ചെമ്പൂച്ചിറ ഹയര്‍ സെക്കണ്ടറി സ്കൂള്.
വിദ്യാഭ്യാസമന്ത്രിയുടെ പുതുക്കാട് മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സ്കൂളില്‍ കിഫ്ബിയുടെ 3 കോടി രൂപയും എംഎൽഎ ഫണ്ടിൽ നിന്നും 87 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. ഉദ്ഘാടത്തിന് തയ്യാറായ  കെട്ടിടത്തിൻറെ നിര്‍മ്മാണത്തിലെ ക്രമക്കേടിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിന് പിന്നാലെ നിര്‍മ്മാണം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും രക്ഷിതാക്കളും രംഗത്ത് വരികയും ചെയ്തിരുന്നു.