കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 29ന് പരിശോധന നടത്തി. ഇതിനു പുറമെ ഡിസംബർ ഒന്നിന് കിഫ്ബിയുടെ ക്വാളിറ്റിവിഭാഗവും പരിശോധന നടത്തി
തൃശൂർ: ചെമ്പൂച്ചിറ ജിഎച്ച്എസ് സ്‌കൂളിൽ പ്രാഥമിക പരിശോധനയിൽ ഗുണനിലവാര പ്രശ്‌നങ്ങൾ കണ്ടത്തിയെന്ന് കിഫ്ബി. ഇവിടെ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും കിഫ്ബി പറഞ്ഞു. കിഫ്ബിയുടെ ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ നവംബർ 29ന് പരിശോധന നടത്തി. ഇതിനു പുറമെ ഡിസംബർ ഒന്നിന് കിഫ്ബിയുടെ ക്വാളിറ്റിവിഭാഗവും പരിശോധന നടത്തി.
പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. പ്ലാസ്റ്ററിങ്, കോണ്ക്രീറ്റ് എന്നിവയിലും സാമ്പിൾ പരിശോധനയിലും പ്രശ്നങ്ങൾ കണ്ടെത്തി. ഉപയോഗിച്ചിരിക്കുന്ന മണൽ നിശ്ചിത ഗുണനിലാവരം ഇല്ലാത്തതാണെന്നും കണ്ടെത്തി. വിശദമായ പരിശോധന നടത്തും.
നടത്തിയ വിശദമായ പരിശോധനകളും നടപടികളും
സൈറ്റിൽ നിന്ന് ശേഖരിച്ച മണൽ സാമ്പിളുകൾ , കിഫ്ബിയുടെ സെൻട്രൽ ലാബിൽ പരിശോധിച്ചപ്പോൾ IS 1542-1992 , IS 2386 - Part 2: 1963 എന്നിവയിൽ പറഞ്ഞിരിക്കുന്ന നിലവാരം ഇല്ല എന്ന് തെളിഞ്ഞു. തുടർന്ന് വിശദ പരിശോധനയ്ക്കായി സാമ്പിളുകൾ അംഗീകൃത മൂന്നാംകക്ഷി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ പ്ലാസ്റ്ററിങ്ങിലെ പോരായ്മകൾ കണ്ടെത്തി. കിഫ്ബിയുടെ ക്വാളിറ്റി ടീം സാമ്പിളുകൾ ശേഖരിച്ചു. പ്ലാസ്റ്ററിങ്ങിലെ മിക്‌സ് പ്രൊപ്പോർഷൻ വിശദമായി പരിശോധിക്കുന്നതിന് കേരളത്തിൽ സൗകര്യം ഇല്ലാത്തതിനാൽ സാമ്പിളുകൾ ബാംഗ്ലൂരിലെ എൻഎബിഎൽ(NABL) അംഗീകൃത ലാബിലേക്ക് അയക്കാൻ നടപടി സ്വീകരിച്ചു.
കോൺക്രീറ്റിന്റെ കരുത്ത് സംബന്ധിച്ച് പ്രാഥമിക പരിശോധനയിൽ ചിലയിടങ്ങളിൽ അപാകത കണ്ടെത്തി. തുടർന്ന് IS 13311 (Part 2):1992 ലെ clause 3.1 നിഷ്‌കർഷിച്ചിട്ടുളള ഹാമ്മർ റീ ബൗണ്ട് ടെസ്റ്റ് വഴി കോൺക്രീറ്റിന്റെ കംപ്രസീവ് സ്‌ട്രെങ്ത് ,യൂണിഫോർമിറ്റി, ക്വാളിറ്റി എന്നീ ഘടകങ്ങൾ പരിശോധിച്ചു. പരിശോധനയിൽ ചില സ്ഥലങ്ങളിൽ ന്യൂനത കണ്ടെത്തി
അൾട്രാ പൾസ് വെലോസിറ്റി ടെസ്റ്റ് ചെയ്യേണ്ടതായി (IS 13311 Part 1 : 1992 ലെ Clause 2.1 പ്രകാരം)ഉണ്ട്. ഈ ടെസ്റ്റ് വഴി കോൺക്രീറ്റിന്റെ യൂണിഫോമിറ്റി, വിളളലുകൾ, ശൂന്യത, മറ്റ് അപൂർണതകൾ, കാലപ്പഴക്കം കൊണ്ട് കോൺക്രീറ്റിന്റെ ഘടനയിൽ സംഭവിക്കാവുന്ന മാറ്റങ്ങൾ, സ്റ്റാന്റേർഡ് അനുസരിച്ചുള്ള കോൺക്രീറ്റിന്റെ ഗുണനിലവാരം, കോൺക്രീറ്റിന്റെ ഓരോ ഘടകത്തിന്റെയും ഗൂണനിലവാരം ,കോൺക്രീറ്റിന്റെ ഡയനമിക് ഇലാസ്റ്റിക് മോഡുലസ് എന്നിവ കണ്ടെത്താനാകും. ഇഷ്ടിക നിർമാണം പൊളിച്ചു നീക്കി ട്രാൻസ്ഫ്യൂസർ സ്ഥാപിക്കുന്നതിലെ തടസങ്ങൾ കാരണം മുമ്പത്തെ പരിശോധനയ്ക്കിടെ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ ടെസ്റ്റ് നടത്തിയ ശേഷം ഫലം താരതമ്യം ചെയ്തതിനു ശേഷമേ കോർ സാമ്പിൾ എടുത്ത് കൂടുതൽ ടെസ്റ്റുകൾ ആവശ്യമാണോ എന്നു തീരുമാനിക്കാനാവൂ.
നിലവിൽ ചെയ്തിട്ടുള്ള എല്ലാ നിർമാണത്തിന്റെയും പരിശോധനാ ഫലങ്ങൾ, നിർമാണ സാമഗ്രികളുടെ ഗുണനിലവാരം , അന്വേഷണ പ്രക്രിയയിൽ നിരീക്ഷിച്ച മറ്റു വസ്തുതകൾ എന്നിവ അടിസ്ഥാനമാക്കി വിശദമായ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. ഇവ യഥാസമയം സർക്കാരിന് സമർപ്പിക്കും.
പല പദ്ധതികളിലായി 700 സ്‌കൂളുകളിലെ നിർമാണപ്രവർത്തനങ്ങൾക്കാണ് കിഫ്ബി ധനലഭ്യത ഉറപ്പുവരുത്തുന്നത്. അതിൽ ഒരു സ്‌കൂളിലാണ്( ചെമ്പൂച്ചിറ ജിഎച്ചഎസ്എസ്) ഇപ്പോൾ പരാതി ഉയർന്നത്. ഉടൻ സ്റ്റോപ് മെമ്മോ നൽകി. പരാതി ഉയർന്ന സ്‌കൂളിലെ പ്രവർത്തികൾ ഏറ്റെടുത്ത കരാറുകാരായ നിയോ സ്ട്രക്‌റ്റോ കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ആകെ ഏഴുപ്രോജക്ടുകളാണ് ചെയ്തിട്ടുള്ളത്. അതിൽ മൂന്നെണ്ണം നേരത്തേ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഒരെണ്ണം (നിലമ്പൂർ ജിഎംവിഎച്ച്എസ്എസ്)ഗുണനിലവാരക്കുറവ് കാരണം നിർത്തിവയ്പിക്കുകയും ചെയ്തിരുന്നു.
നിർമാണപ്രവർത്തിയുടെ നിർഹവണ ചുമതലയുള്ള എസ്പിവിയായ കൈറ്റിനും അവർ ഏർപ്പെടുത്തിയ പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിയായ (കേന്ദ്രസർക്കാരിനു കീഴിലുളള)വാപ്‌കോസിനും ആണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള പ്രാഥമിക ചുമതല.
നിർമാണത്തിലെ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് കിഫ്ബി ഈ നിർമാണം നിർത്തിവയ്ക്കാൻ എസ്പിവി ആയ കൈറ്റിനോട് നിർദേശിച്ചിരുന്നു. ന്യൂനതകൾ കണ്ടുപിടിച്ച ഭാഗത്തുള്ള പ്രവർത്തികളുടെ പണം കരാറുകാരന് നൽകിയിട്ടുമില്ല.
നിർമാണ പ്രവർത്തികൾ നടക്കുന്ന എല്ലാ സ്‌കൂളുകളിലും ഗുണനിലവാര പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷമേ കൈമാറുകയുള്ളു. ഇങ്ങനെ ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷമേ കരാറുകാർക്ക് പേയ്‌മെന്റ് പൂർണമായും നൽകുകയുമുള്ളൂ. ഗുണനിലവാരത്തിൽ സംശയം ഉയർന്നിട്ടുള്ള മറ്റു ചില പദ്ധതികൾ കിഫ്ബി ടെക്‌നിക്കൽ ഇൻസ്‌പെക്ഷൻ അഥോറിറ്റിയുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്.
സംസ്ഥാനത്തെ വികസന പദ്ധതികൾക്കുള്ള ധനലഭ്യത ഉറപ്പുവരുത്തുന്നത് കിഫ്ബിയുടെ ദൗത്യമാണ്. ഇതിനൊപ്പം പദ്ധതികളുടെ ഗുണനിലവാരവും സമയക്രമവും ഉറപ്പുവരുത്തുന്നതും കിഫ്ബിയിൽ നിക്ഷിപ്തമായിരിക്കുന്ന ദൗത്യമാണെന്ന് ആവർത്തിച്ചു പറയട്ടെ. അതുകൊണ്ടു തന്നെ ആരോപണങ്ങൾ ഉയരുന്നതിന്റെ പേരിൽ ഒരു പദ്ധതിയും അനിശ്ചിതമായി നിർത്തിവയ്ക്കാൻ ഇടവരുത്തില്ല. ഗൂണനിലവാരം ഉറപ്പുവരുത്തി സമയക്രമം പാലിച്ച് പരമാവധി പദ്ധതികൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിൽ തന്നെ കിഫ്ബി മുന്നോട്ടു പോകും എന്നതിൽ സംശയം വേണ്ട.
