കിഫ്‌ബി ഭൂമിയിടപാടുകളിൽ സമഗ്ര അന്വേഷണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമി ആണോ എന്നാണ് സംശയം

തിരുവനന്തപുരം:കണ്ണൂരിൽ അഞ്ചിരട്ടി വിലക്ക് ഭൂമി ഏറ്റെടുത്തത് അടക്കമുള്ള കിഎഫ്‍ബി ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ. സിപിഎം ബന്ധമുള്ളവരുടെ ഭൂമിയാണ് വൻതോതിൽ ഏറ്റെടുത്തതെന്നാണ് സംശയം. അതേസമയം, ഭൂമി ഏറ്റെടുക്കലിൽ അപാകതയില്ലെന്നും രാഷ്ട്രീയലക്ഷ്യം വെച്ച് സർക്കാർ കണ്ണൂരിനെതിരായ നീക്കം നടത്തുകയാണെന്നും സിപിഎം വിമർശിച്ചു.

ഇടത് സർക്കാറിൻെ സ്വപ്നസംരഭമായ കിഎഫ്ബിയിൽ വിദഗ്ധസമിതി കണ്ടെത്തിയത് അടിമുടി ക്രമക്കേടുകളാണ്. ഏറ്റവും വലിയ ദുരൂഹത ഭൂമി ഏറ്റെടുക്കലിലും നിയമനങ്ങളിലും നടന്നു. അതിൽ തന്നെ കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിൽ വലിയ ദുരൂഹതയുണ്ടായിരുന്നു. ആയിരം ഏക്കർ കിൻഫ്ര വഴി 2489 കോടിക്ക് ഏറ്റെടുത്തു. 2020 മുതൽ ഏറ്റെടുത്ത ഭൂമി ഒന്നിനും ഉപയോഗിച്ചില്ല. പുറമെ 3829 ഏക്കർ 9572 കോടിക്ക് ഏറ്റെടുക്കാൻ വീണ്ടും വിജ്ഞാപനം ഇറക്കി. വാരിക്കോരിയുള്ള ഏറ്റെടുപ്പിൽ വൻ സംശയങ്ങളുണ്ട്. ഭൂമി ഉടമസ്ഥർക്ക് വൻലാഭമുണ്ടാക്കാനുള്ള നീക്കമാണെന്ന് വ്യക്തമാണ്. കിഫ്ബിയുടെ പേരിൽ അഞ്ചിരട്ടി വിലക്ക് ഏറ്റെടുത്തത് സിപിഎം ബന്ധമുള്ളവരുടെ ഭൂമിയെന്നാണ് സംശയം. ഇതടക്കമാണ് അന്വേഷിക്കുന്നത്. വിജിലൻസ് അന്വേഷണത്തിനാണ് സർക്കാർ ആലോചന. നിയമപരമായ പരിശോധനകൾ നടക്കട്ടെ എന്നാണ് മുൻ ധനമന്ത്രി കെൻ ബാലഗോപാൽ പറയുന്നത്. പക്ഷെ കിഎഫ്ബിയെ തകർക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കണ്ണൂർ ഭൂമി ഏറ്റെടുക്കലിലെ പ്രശ്നങ്ങൾക്ക് സർക്കാർ ഊന്നൽ നൽകുന്നതിനെ ശക്തമായി എതിർക്കുന്നു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് പുറമെ നിയമനങ്ങളിലും അന്വേഷണം വരും. 40 തസ്തിക അനുവദിച്ചു. നിയമിച്ചത് 498 ജീവനക്കാരെയായിരുന്നു. അതിലും സിപിഎം ബന്ധമുള്ളവർ ഉൾപ്പെട്ടതും അന്വേഷിക്കും. വിജിലൻസ് അന്വേഷണ തീരുമാനവും കിഫ്ബി പരിഷ്ക്കരണവും തുടർന്നും രാഷ്ട്രീയവിവാദമാകും.

YouTube video player