Asianet News MalayalamAsianet News Malayalam

Kizhakkambalam Clash : കിഴക്കമ്പലം അക്രമം അന്വേഷിക്കാൻ പ്രത്യേക സംഘം; പെരുമ്പാവൂർ എഎസ്‍പിക്ക് അന്വേഷണ ചുമതല

കിറ്റകസ് തൊഴിലാളികൾ ഒരു പൊലീസ് വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ പൊലീസുകാർ ചികിത്സയിലാണ്. 

Kizhakkambalam Kitex Employees attack against police special team to investigate
Author
Kochi, First Published Dec 26, 2021, 7:27 PM IST

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സിലെ (Kitex) ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച് (Police Attack). ജീപ്പ് കത്തിച്ച് സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. ക്രിസ്മസ് ആഘോഷത്തിനിടെയാണ് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ചതും ജീപ്പുകൾ നശിപ്പിച്ചതും. അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 

ക്രിസ്മസ് ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾക്ക് തുടക്കം. കിറ്റക്സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇവരിൽ പലരും മദ്യലഹരിയിലായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടായി. തർക്കം പിന്നീട് റോഡിലേക്കും നീണ്ടു. ഇതിനിടെ നാട്ടുകാരും ഇടപെട്ടു. സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിട്ടു. നാട്ടുകാരാണ് പൊലീസുകാരെ സ്ഥലത്ത് നിന്ന് ഇടറോഡുകൾ വഴി രക്ഷപ്പെടുത്തിയത്. 

പൊലീസ് പിൻമാറിയതോടെ തൊഴിലാളികൾ പൊലീസ് ജീപ്പുകൾ അക്രമിച്ചു. ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് സമീപ സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ വൻ പൊലീസ് സന്നാഹം എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ക്യാമ്പുകൾ റെയ്ഡ് ചെയ്ത പൊലീസ് സംഘം 150ലധികം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.

സാരമായി പരിക്കേറ്റ കുന്നത്തുനാട് ഇൻസ്പെക്ടർ വി ടി ഷാജൻ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ ചികിൽസയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കിഴക്കമ്പലത്തിന്‍റെ രാഷ്ട്രീയം

പൊലീസിനെതിരായ ആക്രമണത്തിന് പിന്നാലെ, കിറ്റക്സ് കമ്പനിയ്ക്കും ട്വന്‍റി 20ക്കും എതിരായ രാഷ്ട്രീയ പാർട്ടികളുടെ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്. കമ്പനിക്കകത്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇതിനുള്ള ഫണ്ടിന്‍റെ ഉറവിടം അന്വേഷിക്കണമെന്നും കോൺഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടു. എന്നാൽ യാദൃശ്ചികമായുണ്ടായ അക്രമ സംഭവത്തെ രാഷ്ട്രീയ വൽക്കരിക്കരുതെന്നാണ് എം ഡി സാബു എം ജേക്കബ് പറയുന്നത്.

മലിനജലമൊഴുക്കിയെന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചെന്നും ആരോപിച്ച് കിറ്റക്സിനും അവരുടെ രാഷ്ട്രീയ പാർട്ടിയായ ട്വന്‍റി 20 ക്കുമെതിരെ സിപിഎമ്മും, കോൺഗ്രസ്സും തുടർച്ചയായി നടത്തുന്ന പ്രാചരണങ്ങൾക്കിടെയാണ് കമ്പനി തൊഴിലാളികൾ പോലീസിന് നേരെ നടത്തിയ വ്യാപ അഴിഞ്ഞാട്ടം. അക്രമ സംഭവത്തിന് പിറകെ യുഡിഎഫും എൽഡിഎഫും കമ്പനിക്കകത്ത് ക്രിമിനലുകൾ സംഘടിച്ചിരിക്കുകയാണെന്നും ആയുധങ്ങളടക്കം സംഭരിച്ച് അക്രമം അഴിച്ച് വിടാനുള്ള പണവും പിന്തുണയും എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.

കിറ്റക്സിലെ തൊഴിലാളികൾ ലഹരി അടക്കം ഉപയോഗിച്ച് നാട്ടുകാരെ മർദ്ദിക്കുന്നതടക്കമുള്ള സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടും പ്രശ്നങ്ങൾ മൂടിവെക്കാനാണ് കന്പനി ശ്രമിക്കുന്നതെന്ന് സ്ഥലം എംഎൽഎ പിവി ശ്രീനിജന്‍റെ ആരോപണം. ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ച കിറ്റക്സ് എംഡി സാബു എം ജേക്കബ് യാദൃശ്ചികമായി സംഭവിച്ച് പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കനാണ് ചിലർ ശ്രമിക്കുന്നതെന്ന് തുറന്നടിച്ചു. പ്രശ്നക്കാരെ കമ്പനി തന്നെ നിയമത്തിന് മുന്നിലെത്തിക്കുമെന്നാണ് സാബു എം ജേക്കബിന്റെ പ്രതികരണം. 

ട്വന്‍റി 20 യെ മുൻനിർത്തി കിഴക്കമ്പലത്തും സമീപ പ‌ഞ്ചായത്തിലും കിറ്റക്സ് കമ്പനിയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് ഇടത്, വലത് മുന്നണികൾ നേരത്തെ തന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. പുതിയ സംഭവം ഇത്തരം വാദങ്ങളുടെ മൂർച്ച കൂട്ടും.

Follow Us:
Download App:
  • android
  • ios