യാസർ എടപ്പാളിനെതിരെ ഇന്നുതന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സർക്കുലറിനുള്ള നടപടികൾ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും.
മലപ്പുറം: സിപിഎം നേതാവ് കെജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ കൊണ്ടോട്ടി അബു എന്ന യാസർ എടപ്പാളിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കാൻ അന്വേഷണസംഘം. മൂന്നാം പ്രതിയായ യാസറിനോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. ഇന്നുതന്നെ വിമാനത്താവളങ്ങളിലേക്കുള്ള ലുക്ക് ഔട്ട് സർക്കുലറിനുള്ള നടപടികൾ തുടങ്ങും. ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് ഇന്നോ നാളെയോ സമർപ്പിക്കും. പിടിച്ചെടുത്ത ഫോണുകളും മെമ്മറി കാർഡും കോടതിയിൽ ഹാജരാക്കിയ ശേഷം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. അധിക്ഷേപ പോസ്റ്റുകളുടെ ഉറവിടത്തെക്കുറിച്ച് മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ കൂടുതൽ പേരെ പ്രതിചേർക്കുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണസംഘം കടക്കും.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്
സിപിഎം വനിത നേതാവ് കെജെ ഷൈനെതിരെയുള്ള അപവാദ പ്രചാരണത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കെവി സത്താറിനെതിരെ കേസെടുത്ത് പൊലീസ്. ചാവക്കാട് നഗരസഭ കൗണ്‍സിലറായ കെവി സത്താറിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. സിപിഎം ചാവക്കാട് ലോക്കല്‍കമ്മിറ്റി സെക്രട്ടറി പിഎസ് അശോകനും മഹിളാ അസോസിയേഷന്‍ ചാവക്കാട് മേഖല സെക്രട്ടറി എംബി രാജലക്ഷ്മിയും നൽകിയ പരാതിയിലാണ് കേസ്. സംഭവത്തിൽ ചാവക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം റൂറൽ സൈബർ പൊലീസ് കെഎം ഷാജഹാനെയാണ് ചോദ്യം ചെയ്യുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് എത്തിയത്.
ആലുവ റെയില്‍വെ സ്റ്റേഷൻ മുതൽ പൊലീസ് സംരക്ഷണം ഒരുക്കിയിരുന്നു. ആലുവയിലാണ് ചോദ്യം ചെയ്യൽ. പ്രതിപക്ഷം എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ കെഎം ഷാജഹാൻ അവഹേളിച്ചുവെന്നും അത് സൈബര്‍ ആക്രമണത്തിന് കാരണമായെന്നുമാണ് കെജെ ഷൈനിന്‍റെ പരാതി. എന്നാൽ, അത്തരത്തിൽ അവഹേളിച്ചിട്ടില്ലെന്നാണ് കെഎം ഷാജഹാൻ പറയുന്നത്. അതേസമയം, തനിക്കെതിരെ വന്ന ആരോപണത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചന ഉണ്ടെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപിച്ചു. പറവൂര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നത്. എന്തുകൊണ്ട് ആരോപണം ഉയര്‍ന്നുവെന്ന് അറിയില്ല. ആസൂത്രീത നീക്കത്തിൽ വൈപ്പിൻ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പങ്കില്ല. പ്രതിപക്ഷ നേതാവ് ഗൂഢാലോചന നടത്തിയോ എന്ന് തനിക്ക് അറിയില്ലെന്നും അന്വേഷണത്തിലൂടെ ഇക്കാര്യങ്ങള്‍ കണ്ടെത്തണമെന്നും കെഎൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. അതേസമയം, കേസിലെ ഒന്നാം പ്രതി ഗോപാലകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിനോട് സെഷൻസ് കോടതി റിപ്പോർട്ട് തേടി.



