തിരുവനന്തപുരം: ആർസിസിയിലെ മരുന്ന് ക്ഷാമത്തിൽ അടിയന്തര നടപടിക്കായി ഇടപെട്ട് ആരോഗ്യമന്ത്രി കെ കെ ശൈലജ. കീമോതെറാപ്പിക്കടക്കം മരുന്ന് കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾക്ക് പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ ആരോഗ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു. ആർ സി സി ഡയറക്ടർ , കെഎംഎസ് സിഎൽ എം ഡി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ആർസിസിയിലെ മരുന്ന് ക്ഷാമത്തെ തുടന്ന് പിഞ്ഞു കുഞ്ഞുങ്ങൾക്കടക്കം  ചികിത്സ നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. മരുന്ന് പുറത്തു നിന്നും വാങ്ങുമ്പോൾ 5000 മുതൽ 20000 രൂപ വരെ ചെലവാകുക. ഭീമമായ ഈ തുക നൽകാൻ പലർക്കും സാധിക്കുന്നില്ല. ആശുപത്രിയില്‍ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് ആര്‍ സി സി അധികൃതര്‍ സമ്മതിക്കുന്നുണ്ട് . മരുന്ന് വാങ്ങി നല്‍കേണ്ട മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻറെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രശ്നകാരണമെന്നാണ് ആര്‍ സി സിയുടെ വിശദീകരണം. 

കുഞ്ഞുങ്ങളുടെയും കീമോ മുടങ്ങി, ആർസിസിയിൽ കടുത്ത മരുന്ന് ക്ഷാമം, കാണുമോ സർക്കാർ?.

എന്നാൽ  ആര്‍ സി സി അധികൃതരുടെ നിസഹകരണം കാരണം മരുന്ന് വാങ്ങുന്നതിൽ കാലതാമസം ഉണ്ടായെന്ന് വിശദീകരിക്കുന്ന മെഡിക്കല്‍ കോര്‍പറേഷൻ അടിയന്തരഘട്ടങ്ങളില്‍ തദ്ദേശീയമായി മരുന്ന് വാങ്ങാനുള്ള അനുമതി ആര്‍ സി സിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടെന്നും പറയുന്നു. ഈ ഗുരവസ്ഥ വാർത്തയായതോടെയാണ് ആരോഗ്യ മന്ത്രി ഇടപെട്ടത്.