പൊതുമരാമത്ത് വകുപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും പിഎ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നൽകിയതാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്
കോഴിക്കോട്: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പിഎ മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കുടുംബ ബന്ധത്തെ പൊതുവേദിയിൽ ആക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎം ഷാജി. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിസ്ഥാനം പിഎ മുഹമ്മദ് റിയാസിന് ലഭിച്ചത് മുഖ്യമന്ത്രി നൽകിയ സ്ത്രീധനമാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്.
കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ മൻസൂർ അനുസ്മരണ ചടങ്ങിലാണ് ഷാജിയുടെ പരാമർശങ്ങൾ. പൊതുമരാമത്ത് വകുപ്പും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും പിഎ മുഹമ്മദ് റിയാസിന് മുഖ്യമന്ത്രി സ്ത്രീധനമായി നൽകിയതാണെന്നാണ് കെഎം ഷാജി ആക്ഷേപിച്ചത്. ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവായിരുന്ന പിഎ മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് ഇദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.
പാർട്ടിയെ അക്രമിക്കുന്നവർക്ക് ഇരുളിന്റെ മറവിൽ കൈ കൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും ഷാജി വിമർശിച്ചു. ഇത് മുസ്ലിം ലീഗ് വിട്ട് ഇടത് സഹയാത്രികനായ മുൻ മന്ത്രി കെടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങിൽ, ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിലുള്ള പരോക്ഷ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്. കെടി ജലീലിന്റെ മക്കളുടെ നിക്കാഹിന് കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിൽ ലീഗ് പ്രവർത്തകർക്കിടയിൽ കടുത്ത അസംതൃപ്തി പുകയുകയാണ്. ഈ സാഹചര്യത്തിലാണ് കെഎം ഷാജിയുടെ പ്രസംഗം.
