എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്ഥാപിക്കും. നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ശുചിത്വ മിഷനാണ് ഇതിന്റെ ഏകോപനം.
തിരുവനന്തപുരം: തെരുവുനായ പ്രശ്നം രണ്ടുകൊല്ലം കൊണ്ട് പരിഹരിക്കാനാകുമെന്ന് മന്ത്രി കെ എം ഷാജി. ഇതിനായുള്ള സമഗ്രനടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ അറിയിക്കുമെന്നും നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ, കഴിഞ്ഞദിവസത്തെ യുവമോർച്ച പ്രതിഷേധത്തിൽ പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഉദ്യോഗസ്ഥർ ഇരിക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കില്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും പ്രത്യേക വെബ്സൈറ്റ് തുടങ്ങും. ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ തദ്ദേശസ്ഥാപനങ്ങളിൽ ക്യൂആർ കോഡ് സ്ഥാപിക്കും. നിർമലം എന്ന പേരിൽ അഞ്ചുവർഷം നീളുന്ന ശുചിത്വ യജ്ഞത്തിനാണ് തുടക്കമിടുന്നത്. ശുചിത്വ മിഷനാണ് ഇതിന്റെ ഏകോപനം. മാലിന്യനിർമാജനത്തിൽ ജെൻസീ കണ്ടെത്തലുകൾ പ്രയോജനപ്പെടുത്തും. യജ്ഞത്തിന്റെ അവസാനഘട്ടത്തിൽ വിവിധതരം പ്ലാന്റുകൾ പൂർത്തിയാക്കും. മാലിന്യ നിർമാജനത്തിന് അതോറിറ്റി ഉണ്ടാക്കും. മാലിന്യപ്രശ്നം പൂർണമായി പരിഹരിക്കാനുള്ള പോരാട്ടമാണിത്. കേരളത്തെ രാജ്യത്തിന് മാതൃകയാക്കും. മാലിന്യപ്ലാന്റുകൾക്കെതിരായ സമരങ്ങൾ മാതൃകാ പ്ലാന്റുകൾ ഉണ്ടാക്കിയാണ് പ്രതിരോധിക്കേണ്ടത്. വടിയെടുത്ത് സമരത്തെ നേരിടുകയല്ല വഴിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കഴിഞ്ഞദിവസം തിരുവനന്തപുരത്ത് യുവമോർച്ച പ്രവർത്തകർ വാഹനം തടഞ്ഞതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പിന്നീട് പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. സെക്രട്ടറിയേറ്റിലെ പിആർ ചേംബറിൽ വകുപ്പിലെ ഉദ്യോഗസ്ഥരെ ഒപ്പമിരുത്തി രാഷ്ട്രീയവിഷയങ്ങളിൽ പ്രതികരിക്കില്ലെന്നായിരുന്നു മന്ത്രി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ പോയ ശേഷം സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മുൻപേ മന്ത്രി പിആര്‍ ചേംബര്‍ വിട്ടു. കാര്‍ യാത്രാ വിവാദത്തിൽ തുടര്‍ പ്രതികരണങ്ങള്‍ വേണ്ടെന്ന് ഷാജിക്ക് ലീഗ് നിര്‍ദ്ദേശം നൽകിയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.


