അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ ആരംഭിക്കാൻ കെഎംഎസ്‍സിഎൽ അവലോകന യോഗത്തിൽ തീരുമാനം. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മരുന്നുകളുടെ പർച്ചേസ് ഒക്ടോബറിൽ ആരംഭിക്കാൻ നടപടി. കെഎംഎസ്‍സിഎൽ അവലോകന യോഗത്തിൽ ആണ് തീരുമാനം. മരുന്ന് ക്ഷാമം എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അവലോകന യോഗം ചേർന്നത്. രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ എങ്കിലും വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിലും ലഭ്യമാക്കാവു എന്ന് നിർദേശം. വിലയടക്കമുള്ള മരുന്ന് സംഭരണ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും നടപടി. ആൻ്റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള ആവശ്യമരുന്നുകൾ സ്റ്റോക്ക് ഉണ്ടെന്ന് കെഎംഎസ്‍സിഎൽ മന്ത്രിയെ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളാണ് മരുന്ന് ക്ഷാമത്തിൽ വലഞ്ഞത്. പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലി രോഗങ്ങൾക്കും കീമോതെറാപ്പിക്കും അപസ്മാരത്തിനും ഉയർന്ന രക്തസമ്മർദത്തിനും ഉപയോഗിക്കുന്ന മരുന്നുകൾക്കുമാണ് ക്ഷാമം നേരിടുന്നത്. മരുന്ന് ക്ഷാമം പൊതുജനത്തെ അറിയിക്കാതിരിക്കാനായി പരമാവധി ലോക്കൽ പർച്ചേസിംഗ് നടത്താൻ ആശുപത്രികൾ നിർദേശം ലഭിച്ചിരുന്നു. എന്നാൽ ഭീമമായ കുടിശ്ശിക ബാക്കിയുള്ളതിനാൽ സർക്കാർ ആശുപത്രികൾക്ക് മരുന്നുകളും ഉപകരണങ്ങളും നൽകാൻ വിസ്സമ്മതിക്കുകയാണ് സ്വകാര്യ വിതരണക്കാർ. പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ സാഹചര്യം കടുപ്പമാകുമെന്ന് ആശുപത്രി അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.


