കേന്ദ്രമന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധവുമായി യുവമോർച്ച. മന്ത്രി കെ മുരളീധരന് നേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ് പ്രതിഷേധം നടന്നത്.

കൊല്ലം: ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ കരിങ്കൊടി പ്രതിഷേധം. യുവമോർച്ച പ്രവർത്തകരാണ് കരുനാഗപ്പള്ളിയിൽ വെച്ച് കരിങ്കൊടി കാണിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. യൂത്ത് കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ചാണ് യുവമോർച്ചയുടെ പ്രതിഷേധം ഉണ്ടായത്.

ബിജെപിയും കേന്ദ്ര സർക്കാരും രാജ്യത്തെ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അമിത്ഷായ്ക്കെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. സഹകരണ സംരംഭങ്ങളുടെ ഉദ്ഘാടനം, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം എന്നിവയിൽ പങ്കെടുക്കാനാണ് അമിത് ഷാ കൊല്ലത്ത് എത്തിയത്.

ആശ്രാമം മൈതാനത്ത് ഹെലികോപ്റ്റർ ഇറങ്ങി കുണ്ടറയിലെ പരിപാടിക്ക് പുറപ്പെടുമ്പോഴാണ് ബിനു ചുള്ളിയലിൻ്റെ നേതൃത്വത്തിൽ വാഹന വ്യൂഹത്തിന് മുന്നിലേക്ക് പ്രതിഷേധക്കാർ ചാടി വീണത്. 'അമിത് ഷാ ഗോ ബാക്ക്' എന്ന മുദ്രാവാക്യം വിളിയോടെയായിരുന്നു കരിങ്കൊടി കാണിച്ചത്.

YouTube video player

ഇതിനിടെ, പരിസരത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ യൂത്ത് കോൺഗ്രസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ആഭ്യന്തര മന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് കുറ്റപ്പെടുത്തിയ ബിജെപി, ഡിസിസി ഓഫീസിന് മുന്നിലേക്ക് മാർച്ചും നടത്തി.