. കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.
കോഴിക്കോട്: കോഴിക്കോട്ട് ആര്‍എസ്എസ് നേതാക്കള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെഎന്‍എ ഖാദര്‍ പങ്കെടുത്തതിനെച്ചൊല്ലി വിവാദം. കേസരി മന്ദിരത്തില്‍ വച്ചു നടന്ന സ്നേഹബോധി ചടങ്ങിൻ്റെ ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് കെഎന്‍എ ഖാദര്‍ പങ്കെടുത്തത്.
മന്ദിരത്തിലെ ചുവര്‍ ശില്‍പം അനാച്ഛാദനം ചെയ്ത കെഎന്‍എ ഖാദറിനെ ആര്‍എസ്എസ് നതാവ് ജെ.നന്ദകുമാറാണ് പൊന്നാടയണിയിച്ചത്. ഗുരുവായൂരില്‍ കാണിക്ക അര്‍പ്പിച്ചതിനെത്തുടര്‍ന്ന് പലരും തനിക്ക് സംഘിപട്ടം ചാര്‍ത്തി തന്നതായി കെഎന്‍എ ഖാദര്‍ പറഞ്ഞു. ആഗ്രഹിച്ചിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനാവാത്തവര്‍ തന്നെ പോലെ നിരവധി പേരുണ്ടെന്നും കെഎഎന്‍എ ഖാദര്‍ പറഞ്ഞു. പരിപാടിയില്‍ രണ്ജി പണിക്കര്‍, ആര്‍ട്ടിസ്റ്റ് മദനന്‍ തുടങ്ങിയവരും പങ്കെടുത്തു.
മുസ്‌ലിം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമാണ് കെഎന്‍എ ഖാദര്‍. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ മുസ്ലീംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചത് കെഎൻഎ ഖാദറായിരുന്നു. പ്രചാരണത്തിനിടിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് ഖാദർ സന്ദർശനം നടത്തുകയും കൈക്കൂപ്പി പ്രാർത്ഥിച്ച് കാണിക്കയിട്ടതും വലിയ വാർത്തയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിപ്പോയതിനെ തുടർന്ന് എൻഡിഎയുടെ സ്ഥാനാർത്ഥിയെ ചൊല്ലി ആശയക്കുഴപ്പം ഉണ്ടായപ്പോൾ നടൻ സുരേഷ് ഗോപി പ്രവർത്തകരോട് ഖാദറിന് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തതും വലിയ വാർത്തയായിരുന്നു.
