മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറിയെയോ പരിചയമില്ല; മൊഴി തിരുത്താൻ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജി കിരൺ
കൊച്ചി: സ്വപ്ന സുരേഷ് പരാതിയിൽ പറയുന്ന ആൾ താൻ തന്നെയാണെന്ന് ഷാജി കിരൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വപ്നയെ പരിചയമുണ്ട്. എന്നാൽ മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ല. മറ്റ് സിപിഎം നേതാക്കളെ അറിയില്ല. താൻ ഒരു മുൻ മാധ്യമപ്രവർത്തകനാണ്. സമൂഹത്തിലെ പല ആളുകളുമായും പരിചയമുണ്ട്. സ്വപ്ന കൊച്ചിയിൽ എത്തുമ്പോൾ എന്നെ വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയെ അറിയാം. സഹോദരനെ അറിയാം. സരിത്തതിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഇന്നലെ സ്വപ്ന എന്നെ വിളിച്ചു. സഹായിക്കണം, പാലക്കാട്ടേക്ക് വരണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് സ്വപ്നയെ കാണാൻ അവരുടെ ഓഫീസിൽ പോയത്. നിയമപരമായി എന്ത് സഹായവും ചെയ്യാം എന്ന് പറഞ്ഞു. അല്ലാതെ ഒന്നും ചെയ്യാൻ നിർവാഹമില്ല. കാരണം ഈ കേസുമായി തനിക്ക് ഒരു ബന്ധവുമില്ല. സ്വപ്നയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിങ്ങളുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല സ്വന്തം നിലയ്ക്ക് പറയുന്നതാണെന്ന് പറഞ്ഞു. നല്ല ഉറപ്പുണ്ടെങ്കിലേ പറയാവൂ എന്ന് അപ്പോൾ സ്വപ്നയെ ഉപദേശിച്ചു. ആലോചിച്ചേ ഒരു തീരുമാനമെടുക്കാവൂ എന്നും പറഞ്ഞു. എന്തെങ്കിലും പറയുമ്പോൾ സുരക്ഷിതത്വം കൂടി നോക്കണം എന്നേ പറഞ്ഞുള്ളൂ. അവരെ ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു സഹൃത്ത് എന്ന നിലയ്ക്കും കൗതുകത്തിന്റെ പുറത്തുമാണ് ഇക്കാര്യങ്ങൾ സ്വപ്നയോട് സംസാരിച്ചതെന്നും ഷാജി കിരൺ പറഞ്ഞു.
സ്വപ്ന നല്ല സുഹൃത്ത്
സ്വപ്നയുമായുള്ളത് സൗഹൃദം മാത്രമാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് സ്വപ്നയെ പരിചയപ്പെട്ടത്. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
ഒരു സ്പോർട്സ് ഹബ് നിർമാണവുമായി ബന്ധപ്പെട്ട് സഹകരിക്കാമോ എന്ന് ചോദിച്ചു. എച്ച്ആർഡിഎസുമായി സഹകരിക്കാൻ തീരുമാനിച്ചതിനാൽ സ്വപ്ന ബുദ്ധിമുട്ട് അറിയിച്ചു. അതിനുശേഷം സ്വപ്നയുമായി നല്ല സൗഹൃദത്തിലായി. സ്വപ്ന മിക്കവാറും ദിവസങ്ങളിൽ വിളിക്കാറുണ്ട്. തിരിച്ചും വിളിച്ചിട്ടുണ്ട്. സരിത്തിനെ തട്ടിക്കൊണ്ടുപോയി എന്ന് പറഞ്ഞ് ഇന്നലെ പാലക്കാടെത്തിയപ്പോൾ നിങ്ങളുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. ഇല്ല സ്വന്തം നിലയ്ക്ക് പറയുന്നതാണെന്ന് പറഞ്ഞു. നല്ല ഉറപ്പുണ്ടെങ്കിലേ പറയാവൂ എന്ന് അപ്പോൾ സ്വപ്നയെ ഉപദേശിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി താൻ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല. മൊഴി തിരുത്താൻ താൻ സ്വപ്നയോട് ആവശ്യപ്പെട്ടിട്ടില്ല. വിഡ്ഢിത്തം കാണിക്കരുതെന്ന് അവരെ ഉപദേശിച്ചു. അതവരുടെ സുരക്ഷ കണക്കിലെടുത്താണെന്നും ഷാജി കിരൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ശിവശങ്കറിനെ അറിയില്ല
താൻ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണമുണ്ടെങ്കിൽ സ്വപ്ന അത് പുറത്തുവിടട്ടെ. എം.ശിവശങ്കറിനെ പരിചയമില്ല. ശിവശങ്കറല്ല സ്വപ്നയെ പരിചയപ്പെടുത്തിയത്, തന്റെ ഒരു സുഹൃത്താണ്. ശിവശങ്കറിനെ താൻ വിളിച്ചതോ ശിവശങ്കർ തന്നെ വിളിച്ചതോ ആയി ബന്ധപ്പെട്ട എന്തെങ്കിലും തെളിവുണ്ടെങ്കിൽ പുറത്തുവിടട്ടെ. രണ്ട് ഫോണുകളാണ് താൻ ഉപയോഗിക്കുന്നത്. ആ രണ്ട് ഫോണും ആർക്കും പരിശോധിക്കാമെന്നും ഷാജി കിരൺ പറഞ്ഞു.
കെ.പി.യോഹന്നാനുമായി ബന്ധമില്ല
ചെറിയ രീതിയിൽ ഭൂമി കച്ചവടം നടത്തുന്ന ഒരാൾ മാത്രമാണ് താൻ. ആകെ 32,000 രൂപ മാത്രമാണ് അക്കൗണ്ടിൽ ഉള്ളത്. കെ.പി.യോഹന്നാന്റെ സ്ഥാപനവുമായി തനിക്ക് ബന്ധമില്ലെന്നും ഷാജി കിരൺ വിശദീകരിച്ചു. കെ.പി.യോഹന്നാന്റെ ഒരു വിശ്വാസിയാണ്. ഒരു പിആർ വർക്ക് ചെയ്തിരുന്നു. ഭാര്യ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അല്ലാതെ കെ.പി.യോഹന്നാനുമായോ അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുമായോ ബന്ധമില്ല. കോൺഗ്രസുകാരുമായോ ബിജെപിക്കാരുമായോ ആയും ബന്ധമില്ല. മാധ്യമപ്രവർത്തകൻ എന്ന രീതിയിൽ ജോലി ചെയ്തപ്പോൾ ഉള്ള ബന്ധങ്ങൾ മാത്രമാണ് രാഷ്ട്രീയക്കാരുമായി ഉള്ളതെന്നും ഷാജി കിരൺ പറഞ്ഞു.
സ്വന്തമായി വാഹനമില്ല
ഇന്നലെ സ്വപ്നയെ കാണാൻ പോയത് ഒരു സുഹൃത്തിന്റെ വാഹനത്തിലാണ്. അത് ബിസിനസ് ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. യുപിയിൽ നിന്ന് സെക്കന്റ് ഹാൻഡ് ആയി വാങ്ങിയ വാഹനമാണ്. തനിക്ക് സ്വന്തമായി വാഹനമില്ലർ. താൻ കൊട്ടാരക്കര സ്വദേശിയാണ്. ഷാജ് കിരൺ എന്നാണ് യഥാർത്ഥ പേര്. ഷാജി കിരൺ എന്നത് സുഹൃത്തുക്കൾ വിളിക്കുന്ന പേരാണെന്നും ഷാജി കിരൺ പറഞ്ഞു.
പൊലീസുമായി സഹകരിക്കാൻ തയ്യാറാണ്. ഫോണുകളും നൽകാം. അറിയാവുന്നതെല്ലാം പറയാം. തനിക്ക് മറയ്ക്കാൻ ഒന്നുമില്ലെന്നും ഷാജി കിരൺ പറഞ്ഞു.
വെളിപ്പെടുത്തലുമായി സ്വപ്ന വീണ്ടും
ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുഖ്യമന്ത്രിക്കെതിരെ കൂടുതൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ്. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്ന പേരിലൊരാൾ തന്നെ വന്ന് കണ്ടുവെന്നും ഭീഷണിപ്പെടുത്തിയെന്നും, പറഞ്ഞ കാര്യങ്ങളൊന്നും തിരുത്തിപ്പറഞ്ഞില്ലെങ്കിൽ കാലങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുമെന്നും, കുട്ടികൾ ഒറ്റയ്ക്കാവുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ഹർജിയിൽ സ്വപ്ന സുരേഷ് പറയുന്നു.
രഹസ്യമൊഴിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ഇന്ന് രാവിലെ പത്ത് മണിയോടെ പിൻവലിക്കണം. ഇത് പിൻവലിച്ചുകൊണ്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ താനിതിന് തയ്യാറാകാതിരുന്നതോടെ, തന്നെ വളരെ രൂക്ഷമായ ഭാഷയിൽ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന പറയുന്നു. ഇയാൾ പറഞ്ഞതിന്‍റെ ഒരു ഭാഗം താൻ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും, അത് കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും സ്വപ്ന ഹർജിയിൽ പറയുന്നു.
'മുഖ്യമന്ത്രിക്ക് വേണ്ടി ഷാജി കിരൺ എന്നയാൾ വന്ന് കണ്ടു, ഭീഷണിപ്പെടുത്തി..', ഹർജിയിൽ സ്വപ്ന
കെ.പി.യോഹന്നാന്‍റെ സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് താനെന്ന് പരിചയപ്പെടുത്തിയാണ് ഷാജി കിരൺ വന്നതെന്ന് ഹർജിയിൽ സ്വപ്ന സുരേഷ് വെളിപ്പെടുത്തുന്നു. കെ പി യോഹന്നാന്‍റെ സംഘടനയുടെ ഡയറക്ടറാണ് ഇയാളെന്നാണ് സ്വയം പരിചയപ്പെടുത്തിയത്.
