കൊച്ചി സിറ്റിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിലെ നിയമലംഘനങ്ങൾക്കെതിരെ പോലീസ് നടപടി കർശനമാക്കി. സെപ്റ്റംബർ 9 മുതൽ 30 വരെ നടത്തിയ പരിശോധനയിൽ 2,003 പെറ്റി കേസുകളാണ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ചവരുടെയും അലക്ഷ്യമായി ഡ്രൈവ് ചെയ്തവരുടെയും ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിനോട് ശുപാർശ ചെയ്തിട്ടുണ്ട്.
കൊച്ചി: കൊച്ചി സിറ്റിയിൽ സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കി കൊച്ചി സിറ്റി പോലീസ്. സെപ്റ്റംബർ 9 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾക്കായി 2,003 പെറ്റി കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച 41 ബസ് ഡ്രൈവർമാർക്കെതിരെയും, അപകടകരമായും അലക്ഷ്യമായും വാഹനമോടിച്ചതിന് 71 പേർക്കെതിരെയും, മത്സരയോട്ടത്തിന് 130 പേർക്കെതിരെയും കേസെടുത്തു.
യൂണിഫോം ധരിക്കാത്തതിന് 407 ബസ് ജീവനക്കാർക്കെതിരെ നടപടിയെടുത്തു. കൂടാതെ ഡോറുകൾ തുറന്നിട്ട് യാത്ര ചെയ്തതിന് 221 കേസുകളും, ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്ത കുറ്റത്തിന് 280 കേസുകളും, ലൈസൻസില്ലാത്ത കണ്ടക്ടർമാർക്കെതിരെ 259 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫ്രീ ലെഫ്റ്റ് തടസ്സപ്പെടുത്തിയത് (54), സിഗ്നൽ നിയമലംഘനം (23), അമിതമായി ഹോൺ മുഴക്കൽ (13) തുടങ്ങിയ മറ്റ് വിവിധ ലംഘനങ്ങൾക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിച്ചു.
നിയമലംഘനങ്ങൾ ഒഴിവാക്കുന്നതിനായി ജീവനക്കാർക്കായി പോലീസ് ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. മദ്യപിച്ച്, അലക്ഷ്യമായി വാഹനമോടിച്ച ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS അറിയിച്ചു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അറിയിച്ച കമ്മീഷണർ, കൊച്ചിയിലെ ബസ് ജീവനക്കാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ലഭിച്ച 1,383 അപേക്ഷകളിൽ പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.


