മത്സരയോട്ടം, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കുപുറമെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചുള്ള സർവീസ്, സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ട്രിപ്പ് കർട്ടിൽമെന്റ്, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള സർവീസ് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി.
കൊച്ചി: സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കെതിരെ എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 80 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ നിയമലംഘനങ്ങളിലായി 1.30 ലക്ഷം രൂപയോളം പിഴ ഈടാക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാരുടെ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക പരിശോധന. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞ് എറണാകുളം, കലൂർ, ആലുവ, വൈറ്റില, തൃപ്പൂണിത്തുറ, തേവര തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
മത്സരയോട്ടം, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കുപുറമെ പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ചുള്ള സർവീസ്, സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, ട്രിപ്പ് കർട്ടിൽമെന്റ്, യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള സർവീസ് തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. ബസിന്റെ ഡോർ ഷട്ടർ തുറന്നുവെച്ച് സർവീസ് നടത്തിയത്, വാഹനങ്ങളിൽ അനധികൃതമായി ആൾട്ടറേഷൻ നടത്തിയത്, രജിസ്ട്രേഷൻ നമ്പർ പ്ലേറ്റ് മറച്ചുവെച്ചത്, മ്യൂസിക് സിസ്റ്റം ഉപയോഗിച്ചത് തുടങ്ങിയവയും പരിശോധനയിൽ കണ്ടെത്തി.
ബസ് സ്റ്റോപ്പുകളിൽ നിർത്താതെ അമിതവേഗത്തിൽ മുന്നോട്ടുപോകുക, മറ്റ് വാഹനങ്ങളുമായി മത്സരിച്ച് ഓടിക്കുക തുടങ്ങിയ പ്രവൃത്തികൾക്കെതിരെയും നടപടി സ്വീകരിച്ചു. തിരക്കേറിയ റോഡുകളിലും പ്രധാന ബസ് റൂട്ടുകളിലുമായിരുന്നു പരിശോധന പ്രധാനമായും നടന്നത്. നിയമലംഘനം കണ്ടെത്തിയ വാഹനങ്ങൾക്കും ഡ്രൈവർമാർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്വകാര്യ ബസുകളുടെ സർവീസിൽ നിയമലംഘനങ്ങൾ ആവർത്തിക്കുന്നുണ്ടോയെന്നും തുടർന്നും പരിശോധിക്കും.


