നാല് വർഷം മുൻപ് കാണാതായ മഹാരാഷ്ട്ര സ്വദേശിയായ എം-ടെക്ക് ബിരുദധാരിയെ കൊച്ചി മുളവുകാട് പോലീസ് കണ്ടെത്തി. മാനസിക അസ്വാസ്ഥ്യം മൂലം അലഞ്ഞുതിരിഞ്ഞിരുന്ന യുവാവിനെ പോലീസ് തിരിച്ചറിഞ്ഞ് ബന്ധുക്കളെ കണ്ടെത്തുകയും അവർക്കൊപ്പം നാട്ടിലേക്ക് അയക്കുകയും ചെയ്തു.
കൊച്ചി: നാല് വർഷങ്ങൾക്ക് മുൻപ് കാണാതായ എം-ടെക്ക് ബിരുദധാരിയായ യുവാവിനെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിച്ച് കൊച്ചി മുളവുകാട് പോലീസ്. ചെറിയ രീതിയിലുള്ള മാനസിക അസ്വാസ്ഥ്യം മൂലം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മഹാരാഷ്ട്ര നാഗ്‌പൂർ സോണാല സ്വദേശി രാഷ്ട്രപാൽ മനോഹർ ചഹാണ്ടെ (37) ആണ് പോലീസിന്റെ ഇടപെടലിലൂടെ സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ ജൂലൈ മാസം മുതൽ മുളവുകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ അലഞ്ഞു സ്ഥിരമായി ഭക്ഷണത്തിനും വെള്ളത്തിനുമായി പോലീസ് സ്റ്റേഷനിൽ എത്തുമായിരുന്നു. ഇയാളോട് പോലീസ് ഉദ്യോഗസ്ഥർ കൂടുതൽ സംസാരിച്ചപ്പോഴാണ് ഉന്നത വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. അഹമ്മദ് നഗർ വി.കെ. പാട്ടീൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും എം-ടെക്ക് പൂർത്തിയാക്കിയ ഇയാൾ, ക്യാമ്പസ് സെലക്ഷനിലൂടെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനിയിൽ ഉയർന്ന തസ്തികയിൽ രണ്ടു വർഷത്തോളം ജോലി ചെയ്തിരുന്നതായി മനസ്സിലാക്കി.
യുവാവിന് മെഡിക്കൽ സഹായം ലഭ്യമാക്കിയ പോലീസ്, ഇയാൾ നൽകിയ സൂചനകൾ വെച്ച് നാഗ്പൂരിലേക്കും പഠിച്ച സ്ഥാപനങ്ങളിലേക്കും ബന്ധപ്പെട്ടു. തുടർന്ന് ഇയാളുടെ ബന്ധുക്കളെ ഫോൺ വഴി കണ്ടെത്തി. വിവരമറിഞ്ഞ് രാഷ്ട്രപാലിന്റെ സഹോദരി പ്രിയങ്ക, സഹോദരീഭർത്താവ് അമൻ, അമ്മയുടെ സഹോദരി രേഖ എന്നിവർ ഓഗസ്റ്റ് 17-ന് മുളവുകാട് സ്റ്റേഷനിലെത്തി. ആദ്യഘട്ടത്തിൽ രാഷ്ട്രപാൽ ബന്ധുക്കളോട് അകലം പാലിച്ചെങ്കിലും, പഴയ ചിത്രങ്ങൾ കാണിച്ചു സംസാരിച്ചതോടെ തിരിച്ചറിയുകയും സന്തോഷത്തോടെ അവർക്കൊപ്പം പോകാൻ തയ്യാറാവുകയും ചെയ്തു.
മൂന്ന് സഹോദരിമാരുടെ മൂത്ത സഹോദരനായ രാഷ്ട്രപാലിന് സഹോദരിമാരുടെ വിവാഹശേഷവും മാതാപിതാക്കളുടെ മരണശേഷവും നേരിട്ട ഒറ്റപ്പെടലാണ് മാനസിക പ്രയാസത്തിലേക്ക് നയിച്ചത്. 2019 മുതൽ അസ്വസ്ഥതകൾ നേരിട്ടിരുന്ന ഇയാളെ 2022-ലാണ് വീട്ടിൽ നിന്ന് കാണാതാകുന്നത്. വർഷങ്ങളായി ബന്ധുക്കൾ അന്വേഷിക്കുകയായിരുന്നു. നിയമനടപടികളും മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കി പോലീസുകാർ യുവാവിനെ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് അയച്ചു.


