കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് കൊച്ചിയിൽ മുളവുകാട് പൊലീസിൻ്റെ കസ്റ്റഡിയിലായി. തമിഴ്നാട്ടിലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് സൂചനയുണ്ട്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയിൽ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഒരു ക്രിമിനൽ കേസിലെ പ്രതിയെ തേടിയാണ് മുളവുകാട് പൊലീസ് പനമ്പുകാടെത്തുന്നത്. അവിടെ ഒരു വീട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവ് മരട് അനീഷിനെ അവിചാരിതമായി കണുന്നതും കസ്റ്റഡിയിൽ എടുക്കുന്നതും. തമിഴ്നാട്ടിലെ സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. സുഹൃത്തിന്‍റെ പനമ്പുകാട്ടെ വീട്ടിൽ ഇന്നലെയാണ് അനീഷ് എത്തിയത്. കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സെൻട്രൽ പൊലീസിന് മുളവുകാട് പൊലീസ് വിവരങ്ങൾ കൈമാറി.

2005 ലെ ഒരു അക്രമ കേസിലാണ് സെൻട്രൽ പൊലീസ് അനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലെ സ്വർണം പൊട്ടിക്കൽ കേസിൽ ഒളിവിലായിരുന്ന അനീഷിനെ തേടി തമിഴ്നാട് ചാവടി പൊലീസും കഴിഞ്ഞ കുറച്ച ആഴ്ചകളായി കൊച്ചിയിലുണ്ടായിരുന്നു. കർണാടകയിൽ അനീഷിനെതിരെ അഞ്ചും തമിഴ്നാട്ടിൽ മൂന്നും കേസുകളുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 5 കേസുകളിൽ നാലും വധശ്രമ കേസുകളാണ്. കഴിഞ്ഞ വർഷം വിയൂർ സെൻട്രൽ ജയിലിൽ കഴിയവെ അനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. ഇതിൽ അമ്പായത്തോട് അഷ്റഫ്, ഹുസൈൻ കൊച്ചി എന്നിവർ പൊലീസിന്‍റെ പിടിയിലായി. അനീഷ് നടത്തിയ ക്വട്ടേഷനുമായി ബന്ധപ്പെട്ട കുടിപ്പകയുടെ ഭാഗമായിട്ടാണ് ഈ വധശ്രമം ഉണ്ടായതെന്നും പൊലീസ് പറയുന്നു. സ്വർണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

എഫ് കമ്പനിയെക്കുറിച്ച് മരട് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്

കൊച്ചിയിലെ കുപ്രസിദ്ധ ക്രിമിനൽ ഗാങ്ങുകളുടെ പ്രധാന ബിസിനസ് ഇപ്പോൾ ലഹരി കച്ചവടമാണെന്ന് ഇക്കഴിഞ്ഞ നവംബറിൽ അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ ഡി കമ്പനി പോലെ എഫ് കമ്പനി എന്ന പേരിട്ടാണ് പല സംഘങ്ങൾ ഒരൊറ്റ ഗാങ്ങായി മാറിയത്. ലഹരി കച്ചവടത്തെ എതിർത്തെന്ന പേരിൽ പൊലീസ് ഒത്താശയോടെ കേരളത്തിന് വെളിയിൽവെച്ച് തന്നെ എൻകൗണ്ടറിലൂടെ കൊല്ലാൻ നീക്കം നടന്നെന്നും മരട് അനീഷ് പറഞ്ഞിരുന്നു. ലഹരിക്കച്ചവടമാണ് പ്രധാന വരുമാന മാർഗമെന്നും എഫ് കമ്പനി എന്ന് പേരിട്ടാണ് ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നത്. പൊലീസും ഗുണ്ടകളും ഭായി ഭായി ബന്ധമാണ് എന്നും മരട് അനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കൂടാതെ എൻകൗണ്ടറിലൂടെ തന്നെ കൊല്ലാൻ നീക്കമുണ്ടെന്നും മരട് അനീഷ് അന്ന് പറഞ്ഞു. തമിഴ്നാട്ടിലും കർണാടകയിലും നീക്കം നടന്നു. ലഹരിക്കച്ചവടത്തിന് പിന്തുണ നൽകാത്തതിലുളള വൈരാഗ്യമാണ് കാരണം. കൊച്ചിയിലെ ചില പൊലീസ് ഉദ്യോഗസ്ഥരാണ് എൻകൗണ്ടറിന് ചരട് വലിച്ചത്. വിയ്യൂർ ജയിലിൽവെച്ച് തന്നെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതിന് പിന്നിലും കൊച്ചിയിലെ ചില പൊലീസുദ്യോഗസ്ഥരാണ് എന്നും അനീഷ് വിവരിച്ചിരുന്നു. കൊച്ചിയുടെ അധോലോകത്തെ ഏറെക്കാലം നിയന്ത്രിച്ച മരട് അനീഷാണ് ആരും കാണാത്ത നഗരത്തിന്‍റെ ഇപ്പോഴത്തെ പിന്നാമ്പുറത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. ഗുണ്ടായിസവും റിയൽ എസ്റ്റേറ്റ് ഇടപാടുകളുമല്ല ക്രിമിനൽ ഗ്യാങ്ങുകളുടെ പ്രധാന വരുമാന മാർഗം. തായ് വാനിൽ നിന്നടക്കം വൻതോതിൽ ലഹരിമരുന്ന് നഗരത്തിലേക്ക് ഒഴുകുകയാണ്. അവയെ നിയന്തിക്കുന്നത് കൊച്ചിയിലെ ഗൂണ്ടാ അധോലോക സംഘമാണെന്നും മരട് അനീഷ് വ്യക്തമാക്കിയിരുന്നു.