വൈറ്റില ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ വമ്പൻ പദ്ധതി നടപ്പിലാക്കുന്നു. ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതുവഴി ഗതാഗതക്കുരുക്കിന് 60 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിക്കുമെന്ന് വിലയിരുത്തൽ.
കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ ജങ്ഷനുകളിൽ ഒന്നായ വൈറ്റില ജങ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വമ്പൻ പദ്ധതി വരുന്നൂ. വൈറ്റില ജങ്ഷനിലെ കുരുക്കഴിക്കാൻ ഒന്നരക്കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

ജില്ലാ കളക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് റോഡ് സേഫ്റ്റി അതോറിറ്റി പിഡബ്ല്യുഡിക്ക് (എൻഎച്ച് വിഭാഗം) അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കാൻ നിർദേശം നൽകിയത്.
അനുവദിച്ച തുക ഉപയോഗിച്ചുള്ള റോഡ് വികസന പ്രവൃത്തികൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കണമെന്നും നിലവിലെ തടസ്സങ്ങൾ നീക്കി പുതിയ റോഡ് ലൈൻ ചെയ്യുന്ന പദ്ധതി ജൂലൈ 30നകം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും ജില്ലാ കളക്ടർ കർശന നിർദേശം നൽകി.
ഒന്നരക്കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയിലൂടെ വൈറ്റിലയിലെ ഗതാഗതക്കുരുക്കിന് 60 ശതമാനത്തോളം കുറവുണ്ടാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായി സഹോദരൻ അയ്യപ്പൻ റോഡിൽ നിന്നുള്ള കട്ടിങ്ങുകൾ, വൈറ്റില ജങ്ഷനിലെ ദേശീയപാത മേൽപ്പാലത്തിൻ്റെ തൂണുകളോട് ചേർന്നുള്ള കോൺക്രീറ്റുകൾ ഭാഗീകമായി ഒഴിവാക്കി സഹോദരൻ അയ്യപ്പൻ റോഡിൽനിന്ന് വരുന്ന സ്വകാര്യ ബസ് ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ കണിയാമ്പുഴ റോഡിലൂടെ കൂടുതൽ സഞ്ചരിച്ച് ഹബ് എക്സിറ്റിലേക്ക് തിരിച്ചുവിടും.
സഹോദരൻ അയ്യപ്പൻ റോഡിൽനിന്ന് വരുന്ന കാറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ സിഗ്നൽ കടന്ന് സ്റ്റേറ്റ് ഹൈവേയിലൂടെ കടത്തിവിട്ടാണ് പരിഹാരം കാണുന്നത്. ഇത്തരത്തിൽ ഹെവി വാഹനങ്ങൾക്ക് കൂടുതൽ ദൂരം സഞ്ചരിക്കേണ്ടി വരുമെങ്കിലും ജങ്ഷനിലെ വലിയ സമയനഷ്ടം ഒഴിവാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
വൈറ്റില ജങ്ഷനിൽനിന്ന് കണിയാമ്പുഴ ഭാഗത്തേക്ക് 120 മീറ്റർ നീളത്തിലും 12.5 മീറ്റർ വീതിയിലും പുതിയ റോഡ് നിർമിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ കാരണം നിലവിലെ ഗതാഗതം കൂടുതൽ വഷളാകാതിരിക്കാൻ മതിൽ പൊളിക്കുന്നതുൾപ്പെടെയുള്ള സിവിൽ ജോലികൾ പൂർണമായും രാത്രികാലങ്ങളിലായിരിക്കും നടത്തുക. അവശിഷ്ടങ്ങൾ അപ്പപ്പോൾ തന്നെ ഗ്രീൻ സോണുകളിലേക്ക് മാറ്റി റോഡ് തടസ്സമില്ലാതെ സൂക്ഷിക്കാൻ കരാറുകാരന് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.
വൈറ്റില ജങ്ഷനെ ഭാവിയിൽ പൂർണമായും സിഗ്നൽ രഹിതമാക്കാനുള്ള സുപ്രധാന ചർച്ചകളും യോഗത്തിൽ നടന്നു. ഇ ശ്രീധരൻ, പൊതുജന പ്രതിനിധിയായ റോയ്, യുണൈറ്റഡ് ഫോറം എന്നിവർ സമർപ്പിച്ച മൂന്ന് വ്യത്യസ്ത പ്ലാനുകളാണ് ഇതിനായി പരിഗണനയിലുള്ളത്. മൂന്ന് പ്ലാനുകളും ക്രോഡീകരിച്ച് വലിയ ചെലവില്ലാത്ത ഒരു പ്രായോഗിക പദ്ധതി തയ്യാറാക്കാനാണ് അധികൃതരുടെ തീരുമാനം.


