Asianet News MalayalamAsianet News Malayalam

സിലിണ്ടർ ബുക്ക് ചെയ്ത് ബുദ്ധിമുട്ടേണ്ട, 17 ലക്ഷത്തിലധികം വീടുകളിലെ ഗ്യാസ് അടുപ്പിലേക്ക് പൈപ്പുവഴി ഇന്ധനമെത്തും

എറണാകുളം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇത് വരെ 45,000 അധികം വീടുകളിലാണ് പ്രകൃതിവാതകം ലഭ്യമായത്

Kochi Mangaluru GAIL Pipeline no need to book gas cylinder fuel will be piped directly to gas stoves in more than 17 lakh house within 8 years SSM
Author
First Published Dec 31, 2023, 11:52 AM IST

കൊച്ചി: കൊച്ചി - മംഗലൂരു ഗെയ്ൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായതോടെ വടക്കൻ കേരളത്തിലെ പതിനേഴ് ലക്ഷത്തിലധികം വീടുകളിൽ വരുന്ന എട്ട് വർഷത്തിനുള്ളിൽ പ്രകൃതിവാതകം എത്തുമെന്ന് പ്രതീക്ഷ. സിറ്റി ഗ്യാസ് ആദ്യഘട്ടത്തിൽ നടപ്പിലായ കൊച്ചി നഗരത്തിലടക്കം പദ്ധതിക്ക് കിട്ടുന്നത് മികച്ച പ്രതികരണമാണ്. തദ്ദേശ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കി സമയബന്ധിതമായി പദ്ധതി നടപ്പിലാക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത്, അത് വീടിനുള്ളിലേക്ക് കയറ്റി ഇറക്കി ബുദ്ധിമുട്ടേണ്ട. ഗ്യാസ് അടുപ്പിലേക്ക് പൈപ്പ് വഴി ഇന്ധനമെത്തും. പാചകം വേഗത്തിൽ. കീശയും ഭദ്രം. എറണാകുളം മുതൽ കാസർകോട് വരെയുള്ള വടക്കൻ ജില്ലകളിൽ ഇത് വരെ 45,000 അധികം വീടുകളിലാണ് പ്രകൃതിവാതകം ലഭ്യമായത്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 12,652 വീടുകളിലും പൈപ്പ്ഡ് നാച്യുറൽ ഗ്യാസ് ടാങ്കറുകളിൽ സംഭരിച്ച് എത്തിക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രകൃതിവാതകം എത്തിക്കാനുള്ള പ്രാഥമിക ജോലികളും തുടങ്ങി. 

ഗെയ്ൽ പൈപ്പ് ലൈനിൽ നിന്നും വിതരണത്തിന് സജ്ജമാക്കുന്ന ടാപ്പ് ഓഫ് സ്റ്റേഷനുകളുണ്ട്. ഇതിൽ നിന്നും വീണ്ടും പൈപ്പുകൾ വഴിയാണ് ഓരോ വീടുകളിലേക്കും പ്രകൃതിവാതകം എത്തിക്കുന്നത്. ഇതിൽ കുഴിയെടുക്കുന്നതിനായി റോഡ് പൊളിക്കുന്നതും പരിഹരിക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ്. സംസ്ഥാന സർക്കാർ ഇടപെടലിൽ ഇത് വേഗത്തിലാക്കി കൂടുതൽ സ്ഥലങ്ങളിൽ വേഗത്തിൽ സിറ്റി ഗ്യാസ് പദ്ധതി എത്തിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.

Latest Videos
Follow Us:
Download App:
  • android
  • ios