കൊച്ചി: കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റർ പാതയിൽ പരീക്ഷണ ഓട്ടം തുടങ്ങി. മെട്രോയുടെ ആദ്യഘട്ടത്തിന്‍റെ അവസാന ഭാഗം കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു പരീക്ഷണ ഓട്ടം.

കൊച്ചി മെട്രോയുടെ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നര കിലോമീറ്റ‌ർ ഭാഗത്ത് രാവിലെ എഴര മുതലാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്.  തൈക്കൂടത്തു നിന്നും മണിക്കൂറിൽ അ‍ഞ്ചു കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടിച്ചത്. പേട്ട സ്റ്റേഷനു സമീപത്ത് അര മണിക്കൂറോളം നിർത്തിയിട്ട ശേഷം വീണ്ടും തിരികെ തൈക്കൂടത്തേക്ക് ട്രെയിന്‍ ഓടിച്ചു. വരും ദിവസങ്ങളിൽ ട്രെയിനിന്‍റെ വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തും. 

സർവീസ് തുടങ്ങുന്നതിനു മുന്നോടിയായുള്ള പ്രധാന നടപടികളിലൊന്നാണ്  പരീക്ഷണ ഓട്ടം. ഇതിനു മുന്നോടിയായി രാത്രി 12 മണി മുതൽ പാളത്തിലൂടെ വൈദ്യുതി കടത്തി വിട്ടു.  ഈ റൂട്ടിലെ തൊണ്ണൂറു ശതമാനം സിവിൽ ജോലികളും പൂർത്തിയായിട്ടുണ്ട്. അവസാന ഘട്ട സിഗ്നലിംഗ് ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 

മാർച്ച് 31 നു മുമ്പായി ഈ റൂട്ടിൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ കഴിയുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൻറെ കണക്കു കൂട്ടൽ. കഴിഞ്ഞ സെപ്റ്റംബർ മുതലാണ് മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള ഭാഗത്ത് സർവീസ് തുടങ്ങിയത്. 6330 കോടി രൂപയാണ് ഒന്നാം ഘട്ടത്തിൻറെ ചെലവ്. പേട്ട മുതൽ എസ് എൻ ജംഗ്ഷൻ വരയെുള്ള ഭാഗത്തെ പണികളും പുരോഗമിക്കുകയാണ്. സ്ഥലമേറ്റെടുപ്പ് പൂർത്തിയായാൽ എസ് എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്തെ പണികൾ ആരംഭിക്കും.

Read Also: കൊച്ചി മെട്രോയുടെ നഷ്ടം 281 കോടി; വാർഷിക റിപ്പോർട്ടിലെ കണക്കുകൾ ഇങ്ങനെ