മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ.

തിരുവനന്തപുരം: കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കും. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ. തീരത്തുനിന്ന് 200 നോട്ടിക്കൽ മൈൽ ദൂരത്തുവരെയുളള കപ്പൽ അപകടങ്ങൾക്ക് ഇത്തരത്തിൽ കേസ് എടുക്കാമെന്നാണ് മാരിടൈം നിയമവിദഗ്ധരും നൽകിയ ഉപദേശം. കപ്പൽ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേർത്ത് കോസ്റ്റൽ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.

കേരള തീരത്ത് നിന്ന് 200 നോട്ടിക്കൽ മൈൽ വരെയുള്ള അപകടങ്ങൾക്ക് തീരദേശ പൊലീസിന് കേസെടുക്കാനാകുമെന്നാണ് നിയമവിദഗ്ദര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം നല്‍കാനാണ് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പൽ കമ്പനിയായ എംഎസ്‍സി, ക്യാപ്റ്റൻ, പ്രധാന എഞ്ചിനീയർമാർ എന്നിവരെ പ്രതിചേർത്ത് കേസെടുക്കാനാണ് ആലോചന. കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിൽ 12 എണ്ണം കാൽസ്യം കാർബേഡാണ്. ഇതില്‍ അഞ്ചെണ്ണം വെള്ളത്തിൽ വീണെങ്കിലും ഇതുവരെ തീരത്ത് അടുത്തിട്ടില്ല. കപ്പൽ മുങ്ങിയതിന് കാരണം സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് ഒരു തടസമില്ലെന്നും സര്‍ക്കാറും വ്യക്തമാക്കുന്നു. കാൽസ്യം കാർബേഡ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകള്‍ വെള്ളത്തിൽ വീണിട്ടുണ്ടെന്നും ഇവ ഇതുവരെ തീരത്ത് അടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയിലുണ്ടായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന് തലസ്ഥാനത്ത് വിദഗ്ദരുടെ യോഗം വിളിച്ചു. അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് തടസമില്ലെന്നും വിദഗ്ദര്‍ അറിയിച്ചതായി സജി ചെറിയാന്‍ പറഞ്ഞു. കപ്പലിൽ നിന്ന് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചേർന്ന വിദഗ്ദരുടെ യോഗത്തിലാണ് തീരുമാനം. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് ശ്രമം. പാരിസ്ഥിതിക ആഘാതമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം