Asianet News MalayalamAsianet News Malayalam

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം തുടരുന്നതായി ഇഡി; അന്വേഷണം വേഗത്തിലാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊടകര ദേശീയ പാതയില്‍ വച്ച്  കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്

Kodakara black money case High Court rejects plea to speed up ED investigation
Author
First Published May 20, 2024, 5:08 PM IST

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി കേരള ഹൈക്കോടതി തള്ളി. കേസിൽ അന്വേഷണം തുടരുകയാണെന്ന ഇഡിയുടെ മറുപടി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യ ഹർജിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും  ഇഡി കോടതിക്ക് നൽകിയ മറുപടിയിൽ വിമര്‍ശിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആരോപണ വിധേയരായ സംഭവത്തിൽ എൻഫോഴ്സ്മെന്‍റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാർടിയാണ് കോടതിയെ സമീപിച്ചത്.

കൊടകര കുഴൽപ്പണ കേസിൽ ഇഡി ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കേരള പൊലീസ് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ തന്നെ കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. കൊടകര കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പലതവണ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് നല്‍കിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റിൽ പറഞ്ഞതിന് പിന്നാലെയാണ് കേരളാ പൊലീസ് നിലപാട് വ്യക്തമാക്കിയത്. പാർലമെന്‍റില്‍ ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനാണ് ധനമന്ത്രാലയം ഇക്കാര്യം മറുപടിയായി പറഞ്ഞത്. കള്ളപ്പണക്കേസില്‍ പരാതികളുടെ അടിസ്ഥാനത്തില്‍ ഇഡി നടത്തുന്ന അന്വേഷണം തുടരുകയാണെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രിപങ്കജ് ചൗധരി അറിയിച്ചു. 

കൊടകര ദേശീയ പാതയില്‍ വച്ച്  കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയർന്ന ആരോപണം. 2021 ഏപ്രിൽ ഏഴിനാണ് കൊടകര പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 22 പേരെ പ്രതികളാക്കി 2021 ജൂലൈ 23ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ഒരാൾ കൂടി അറസ്റ്റിലായതിന്റെ അടിസ്ഥാനത്തിൽ 2022 നവംബർ 15ന് അധികമായി ഒരു കുറ്റപത്രം കൂടി സമർപ്പിച്ചു. തൃശ്ശൂർ റെയ്ഞ്ച് ഡി ഐ ജിയുടെ നേതൃത്വത്തിൽ തൃശൂർ പോലീസ് അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണ ഉദ്യോഗസ്ഥനായി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 2021 മെയ് 10നാണ് ചുമതല ഏറ്റെടുത്തത്. സംഭവത്തിൽ 1,58,48,801 രൂപയാണ് വീണ്ടെടുത്തത്. 56,64,710 രൂപ മറ്റുള്ളവർക്ക് കൈമാറിയതായും കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios