അന്വേഷണം ബിജെപി നേതാക്കളിലേക്ക്. മൂന്ന് ആർഎസ്എസ് ബി ജെ പി നേതാക്കളെ നാളെ ചോദ്യം ചെയ്യും. മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ.
തൃശൂർ:കൊടകരക്കുഴൽപ്പണക്കവർച്ചാക്കേസിൽ അന്വേഷണം ബിജെപി നേതാക്കളിലേക്ക്. മൂന്ന് ആർഎസ്എസ് ബി ജെ പി നേതാക്കളെ നാളെ ചോദ്യം ചെയ്യും. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ. ആർ ഹരി, ട്രഷറർ സുജയ് സേനൻ ആർ എസ് എസ് നേതാവ് കാശിനാഥൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. മൂന്നര കോടി കവർന്ന കേസിലാണ് ചോദ്യം ചെയ്യൽ. പണം തട്ടിയെടുത്ത ക്രിമിനൽ സംഘത്തിന് വിവരം ചോർന്നതാണ് അന്വേഷിക്കുന്നത്. പണം എവിടേക്ക് ആർക്ക് കൊണ്ടു പോവുകയായിരുന്നുവെന്ന വിവരവും ഇവരിൽ നിന്നും ശേഖരിക്കാനാണ് ചോദ്യം ചെയ്യലെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് യുവമോർച്ച നേതാവ് സുനില്‍ നായിക്കിൻറെയും ആർ.എസ്.എസ് പ്രവർത്തകൻ ധര്‍മ്മരാജൻറെയും വെളിപ്പെടുത്തൽ.അനധികൃത പണം സംസ്ഥാനത്തിന് പുറത്ത് നിന്ന് കൊണ്ടുവന്നതാണെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. പണം കൊണ്ടുവന്നത് ആര്‍ക്കാണെന്ന് സ്ഥിരീകരിക്കാനാണ് നാളെ കൂടതല്‍ പേരെ ചോദ്യം ചെയ്യുന്നത്.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജ്, ഡ്രൈവർ ഷംജീറിൻറെ പേരിൽ കൊടകര പൊലീസിന് പരാതി നൽകിയത്. ബിസിനസുമായി ബന്ധപ്പെട്ട് സുനിൽ നായിക്ക് നൽകിയ പണമാണ് ഇതെന്നായിരുന്നു ധർമ്മരാജ് പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന് രേഖകളുണ്ടെന്നുമായിരുന്നു അറിയിച്ചത്.
എന്നാല്‍ ഇത് കളവാണെന്ന് ധര്‍മ്മരാജൻ മൊഴി നല്‍കി.സ്ത്രോതസ്സ് വെളിപ്പെടുത്താനാകാത്ത പണമാണ് കൊണ്ടുവന്നിരുന്നത്. അതിനാലാണ് കാറില്‍ മൂന്നര കോടി രൂപയുണ്ടെന്ന് മറച്ചുവെച്ചതെന്ന് ധര്‍മ്മരാജനും യുവമോര്‍ച്ച മുൻ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്കും വ്യക്തമാക്കി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
