Asianet News MalayalamAsianet News Malayalam

കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്‍റിനെ ഇന്ന് ചോദ്യം ചെയ്യും

കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാർ ഏപ്രിൽ രണ്ടിന് രാത്രിയിൽ തൃശ്ശൂരിലെത്തിയതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

Kodakara case police will take BJP thrissur district president statement
Author
Thrissur, First Published Jun 2, 2021, 7:57 AM IST

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ്കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പൊലീസ് ക്ലബിൽ ഹാജരാവാനാണ് അന്വേഷണസംഘം നിർദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചോദ്യം ചെയ്യലിനായി നേതാക്കളെ കാറിൽ എത്തിച്ചിരുന്നത് അനീഷ്കുമാർ ആയിരുന്നു. കുന്നംകുളത്ത് സ്ഥാനാർത്ഥിയായിരുന്ന അനീഷ്കുമാർ ഏപ്രിൽ രണ്ടിന് രാത്രിയിൽ തൃശ്ശൂരിലെത്തിയതിന്‍റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം, നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

കൊടകര കേസിൽ കവര്‍ച്ചാ പണം ബിജെപിയുടേത് തന്നെ എന്ന് സ്ഥീരീകരിക്കുന്ന നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നുവെന്നും ഇക്കാര്യം സംസാരിക്കാനാണ് ഫോണില്‍ പലവട്ടം ബന്ധപ്പെട്ടതെന്നുമായിരുന്നു ബിജെപി സംസ്ഥാന സംഘടന സെക്രട്ടറിയുടെ മൊഴി. എന്നാല്‍ ധര്‍മ്മരാജന് ബിജെപിയില്‍ യാതൊരു പദവികളുമില്ല. മാത്രമല്ല തെരഞ്ഞെടുപ്പ് ചുമതലകളും ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

തെരഞ്ഞെടുപ്പ് സാമാഗ്രികളുമായല്ല ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിയത്. ധർമ്മരാജനെ നേതാക്കള്‍ ഫോണിൽ ബന്ധപ്പെട്ടത് സംഘടനാ കാര്യകങ്ങൾ സംസാരിക്കാനല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. പണം കൊണ്ടുവന്നത് ബിജെപി തൃശ്ശൂര്‍ ജില്ലാ ട്രഷററെ ഏല്‍പ്പിക്കാനായിരുന്നു എന്നാണ് ധര്‍മ്മരാജന്‍റെ മൊഴി. ഇതോടെ നേതാക്കളുടെ മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാനൊരുങ്ങുകയാണ് അന്വേഷണസംഘം. കവര്‍ച്ചയുണ്ടായ ദിവസവും തുടര്‍ദിവസങ്ങളിലും ധര്‍മ്മരാജനെ ഫോണില്‍ ബന്ധപ്പെട്ടവരുടെ പട്ടിക പൊലീസ് തയ്യാറാക്കി വരികയാണ്. ബിജെപിയിലെ ഏറ്റവും പ്രമുഖനായ നേതാവും ധര്‍മ്മരാജനും ഏപ്രില്‍ 3, 4 ദിവസങ്ങില്‍ 22 തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios