Asianet News MalayalamAsianet News Malayalam

Kodakara hawala case|കൊടകര കുഴൽപ്പണകേസിൽ ഇഡി അന്വേഷണം; ഹർജി ഇന്ന് ഹൈക്കോടതിയിൽ

ഹർജിയിൽ മൂന്ന് വട്ടം  ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു

kodakara hawala case ed investigation petition in court
Author
Kochi, First Published Nov 15, 2021, 6:00 AM IST

കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂർ ആണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ മൂന്ന് വട്ടം  ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹർജിയിൽ പറയുന്നു.

കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ എഎസ്ജിയ്ക്ക് ഹാജരാകാന്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹര്‍ജിക്കാരനായ സലീം മടവൂരിന്‍റെ അഭിഭാഷകന്‍ അന്ന് ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്താണ് മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് കൊടകരയിൽ പിടികൂടിയതെന്നും കേസ് എൻഫോഴ്സ്മെന്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ലോക് താന്ത്രിക് നേതാവ് സലീം മടവൂർ കോടതിയെ സമീപിച്ചത്.

കേസിൽ കൂടുതൽ പണം അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളായ ദീപ്തിയുടെ സുഹൃത്ത് ഷിൻ്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ടെടുത്തത്.  മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്തി. ദീപ്തിയുടെ മൊഴി പ്രകാരമാണ്  ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ഒരു കോടി 47 ലക്ഷം രൂപയാണ്. ബാക്കി കവർച്ചാ പണം കണ്ടെത്താനാണ് കുറ്റപത്രം സമർപ്പിച്ച ശേഷം കേസിൽ തുടർ അന്വേഷണം തുടങ്ങിയത്. കേസിലെ 22 പ്രതികളെയും ഓരോ ദിവസമായി വിളിച്ചു വരുത്തി ചോദ്യം ചെയ്ത് വരികയാണ്.
 

Follow Us:
Download App:
  • android
  • ios