തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷന്‍. ആരോപണത്തില്‍ ബിനീഷ് തന്നെ മറുപടി നല്‍കിയിട്ടുണ്ട്. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുന്നുണ്ട്. തൂക്കിക്കൊല്ലേണ്ട കുറ്റമെങ്കില്‍ ബിനീഷിനെ തൂക്കിക്കൊല്ലട്ടേ, ആരും സംരക്ഷിക്കാന്‍ പോകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാത്രം പോര അത് തെളിയിക്കുകയും വേണം. ബിനീഷിനെതിരെ പ്രതിപക്ഷ നേതാവിന്‍റെ കൈവശം തെളിവുണ്ടെങ്കില്‍ അദ്ദേഹം അത് അന്വേഷണ സംഘത്തിന് നല്‍ക്കട്ടെയേന്നും കോടിയേരി പറഞ്ഞു. തെളിവ് പുറത്ത് വിടാതെ പുകമറ സൃഷ്ടിക്കുന്നത് ഉചിതമാണോ എന്ന് പ്രതിപക്ഷനേതാവ് ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വിചാരണയും ആരോപണങ്ങളും ഒരു വശത്ത് നടക്കട്ടെ, അന്വേഷണത്തില്‍ ബിനീഷ് തെറ്റ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ശിക്ഷ ലഭിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് കോടിയേരി പറഞ്ഞു. കൊലപാതക രാഷ്ട്രീയത്തിനെതിരെ സെപ്റ്റംബര്‍ 23 ന് സിപിഎം ഏരിയാ കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്‍മ സംഘടിപ്പിക്കും. കോണ്‍ഗ്രസ് നേതൃത്വം സംസ്ഥാന താല്‍പ്പര്യം ബലികഴിക്കുകയാണെന്നും കേന്ദ്രശ്രമങ്ങള്‍ക്ക് ഒപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.