തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊവിഡ് കാലത്ത് നടന്ന അഴിമതിയാണിതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് കൂടി സഹകരിച്ചതോടെ ഇക്കാര്യത്തിൽ കേരളം ഒറ്റക്കെട്ടാണ്. ശശി തരൂർ നിലപാട് മാറ്റി സംസ്ഥാന സർക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമാനത്താവള വിഷയത്തിൽ വി മുരളീധരൻ നിലപാട് മാറ്റി. സിപിഎം പ്രധാനമന്ത്രിക്ക് രണ്ട് ലക്ഷം ഇ മെയിൽ സന്ദേശങ്ങൾ  അയക്കും. വിഷയത്തിൽ സംസ്ഥാനത്ത് ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചത് സ്വാഗതാർഹമാണ്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടാകും. അവിശ്വാസ പ്രമേയം യുഡിഎഫിന് തിരിച്ചടിയാകും. പ്രമേയം അവതരിപ്പിച്ച് കടന്ന് കളയരുത്. വോട്ടിംഗിൽ കൂടി പ്രതിപക്ഷം ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം പാവപ്പെട്ടവരുടെ വിദ്യാഭ്യാസ അവകാശത്തെ ബാധിക്കും. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ അവകാശങ്ങളെയും ബാധിക്കും. കേരളത്തിൽ നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണ്. എൽ ഡി എഫ് സർക്കാരിനെ തകർക്കാൻ ലക്ഷ്യമിട്ടുളള പ്രചാരണങ്ങൾക്കെതിരെ സി പി എം രംഗത്തിറങ്ങും. പ്രചാരണങ്ങൾക്ക് ലാവലിൻ ആരോപണങ്ങളുടെ ഗതിയുണ്ടാകും. കള്ള പ്രചാരണങ്ങൾക്ക് അൽപായുസ്സ് മാത്രമേ ഉണ്ടാകൂ. 

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സർക്കാരിന് ഒന്നും ഭയക്കാനില്ല. ലൈഫ് കമ്മീഷൻ തട്ടിപ്പ് വിജിലൻസിന് അന്വേഷിക്കാൻ കഴിയുമോയെന്ന് സംസ്ഥാന സർക്കാർ പരിശോധിക്കണം. പദ്ധതിയിൽ ആരെങ്കിലും കമ്മീഷൻ വാങ്ങിയെങ്കിൽ അത് തെറ്റാണ്. ലൈഫ് മിഷനെ വക്രീകരിച്ച് കാണിക്കാൻ ശ്രമം നടക്കുന്നു. കെട്ടിടങ്ങളുടെ ഗുണമേന്മയെ ബാധിച്ചോ എന്ന് ലൈഫ് മിഷൻ പരിശോധിക്കണം. ശിവശങ്കരന് ഒരു സംരക്ഷണവും നൽകില്ലെന്നും കോടിയേരി പറഞ്ഞു.