കൊച്ചി: ബലാത്സംഗത്തിനിരയായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിൽ കഴിയുന്ന വൃദ്ധ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ. ശസ്ത്രക്രിയക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരുടെ വൃക്കകളുടെ പ്രവർത്തനം സാധാരണ നിലയിലായെന്നും അടുത്ത 24 മണിക്കൂറിനുള്ളിൽ ദ്രവ രൂപത്തിലുള്ള ഭക്ഷണം നൽകി തുടങ്ങുമെന്നും ആശുപത്രി അറിയിച്ചു. ബലാത്സംഗത്തെ തുടർന്നുണ്ടായ മാനസികാഘാതത്തിൽ നിന്നും ഇവർ പതിയെ പുറത്ത് വരികയാണെന്നും മെഡിക്കൽ ബുള്ളറിനിൽ പറയുന്നു.  

ഞായറാഴ്ച വൈകിട്ടാണ് ദേഹമാസകലം മുറിവുകളുമായി 75 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പുകയിലയും ചായയും നൽകാം എന്നു പറഞ്ഞു അയൽവാസി കൂട്ടി പോയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പീഡനത്തിന് ഇരയായ 75 കാരിയുടെ മകൻ പറയുന്നത്. 

കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. ഒന്നാം പ്രതി ചെമ്പെറക്കി സ്വദേശി മുഹമ്മദ് ഷാഫിയാണ് വയോധികയെ ബലാൽസംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പാങ്കോട് സ്വദേശി മനോജ്, ഇയാളുടെ അമ്മ ഓമന എന്നിവരാണ് മറ്റു പ്രതികൾ. 

പ്രധാനപ്രതിയായ ആലുവ ചെമ്പെറക്കി സ്വദേശി മുഹമ്മദ് ഷാഫിയെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തു നിന്നും നാട്ടുകാരുടെ സഹായത്തോടെയാണ് പുത്തൻ കുരിശ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്തർ സംസ്ഥാന ലോറിയിലെ ഡ്രൈവറാണ് മുഹമ്മദ് ഷാഫി.