കൊല്ലം: ക്ലാപ്പാനയിൽ പതിമൂന്നുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് കേരളത്തിലെത്തിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ രാത്രി ഒരു മണിയോടെയാണ് പ്രതി സുനിൽ കുമാറിനെ എത്തിച്ചത്.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫിന്‍റെ നേതൃത്ത്വത്തിലുള്ള മൂന്നംഗ സംഘമാണ് പ്രതി യെ ഇന്‍റർപോളിന്‍റെ സഹായത്തോടെ റിയാദിൽ നിന്നും അറസ്റ്റ് ചെയ്തത്.

2017 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ സുനിൽ കുമാർ നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഇയാൾ റിയാദിലേക്ക് കടന്നു. പീഡനം നടന്ന ശേഷം കൊല്ലം ഇഞ്ചക്കാട്ടെ സർക്കാർ മഹിളാ മന്ദിരത്തിലാക്കിയ പെൺകുട്ടി അവിടെ വച്ച് ആത്മഹത്യ ചെയ് തിരുന്നു.

കഴിഞ്ഞ മാസം 20 നാണ് പ്രതി റിയാദിൽ ഉള്ളതായി പോലീസിന് വിവരം ലഭിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.