കൊല്ലത്ത് ഷോക്കടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിപക്ഷത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: കൊല്ലത്ത് സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഭവം അതീവ ദുഃഖകരമെന്നും സ്കൂൾ ഒരു ജനകീയ സമിതിയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണ് പ്രതിപക്ഷം. സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ ആവശ്യമായ തിരുത്തൽ വരുത്തി മുന്നോട്ടു പോകണം. സംഭവത്തെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുകയാണ്. എന്തെങ്കിലും സംഭവം ഉണ്ടായാൽ ഉടൻ കലാപവുമായി ഇറങ്ങുകയല്ല വേണ്ടത്. എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. മാധ്യമങ്ങളും പ്രതിപക്ഷവും നടത്തുന്ന വ്യാജ പ്രചാരണം 2026 മെയ് വരെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുൻ (13) ആണ് ഇന്ന് സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കടിച്ച് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണപ്പോൾ എടുക്കാനായി കയറിയതായിരുന്നു കുട്ടി. കാൽ തെന്നി വീഴാൻ പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേൽക്കുകയുമായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സംഭവം അതീവ ദുഃഖകരമാണ്. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.



