കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
കൊല്ലം: കൊല്ലം ശൂരനാട് ഭിന്നശേഷിക്കാരന്‍റെ ഇലക്ട്രിക് വീൽചെയറിൽ കാറിടിച്ചുണ്ടായ അപകടത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അപകട ശേഷം കാർ ഓടിച്ചയാളും സ്ഥലത്ത് എത്തിയ സംഘവും തമ്മിൽ തർക്കവും കയ്യാങ്കളിയും നടന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മർദനമേറ്റെന്ന കാർ ഡ്രൈവർ നാദിഷായുടെ പരാതിയിൽ കേസെടുത്തിരുന്നു. തെറ്റായ ദിശയിൽ എത്തിയ കാർ ഇടിച്ചിട്ട ഭിന്നശേഷിക്കാരൻ ജാസ്മീറിന്‍റെ പരാതിയിൽ നാദിഷായ്ക്ക് എതിരെയും ശൂരനാട് പൊലീസ് ഇന്ന് കേസ് എടുത്തു. ഭിന്നശേഷി സംരക്ഷണ നിയമം, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നാദിഷായ്ക്ക് എതിരെ കേസെടുത്തത്.
കഴിഞ്ഞ 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. അപകടത്തിന് ശേഷം പ്രതി ജാസ്മീറിനെ 'വികലാംഗൻ' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് ജാസ്മീർ പരാതിപ്പെട്ടിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ പ്രതിക്കെതിരെ കേസെടുക്കാൻ ശൂരനാട് പൊലീസ് തയ്യാറായത്.


